ഹൈദരാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ കുറച്ചുകാലമായി സ്ഥിരസാന്നിധ്യമാണ് വലംകൈയ്യന്‍ ബാറ്ററായ ഹനുമ വിഹാരി. ഇന്ത്യയ്ക്ക് വേണ്ടി 16 ടെസ്റ്റുകള്‍ കളിച്ച താരം 33.56 ശരാശരിയില്‍ 839 റണ്‍സ് നേടിയിട്ടുണ്ട്. 

To advertise here,

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ വിഹാരിയ്ക്ക് സാധിച്ചില്ല. അതില്‍ വിഷമമുണ്ടെന്നും എന്തുകാരണം കൊണ്ടാണ് ടീമില്‍ നിന്ന് പുറത്തായതെന്ന് അറിയില്ലെന്നും വിഹാരി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. 

' ടീമില്‍ നിന്ന് പുറത്തായപ്പോള്‍ നിരാശതോന്നി. എന്തുകൊണ്ടാണ് എന്നെ ടീമില്‍ നിന്ന് പുറത്താക്കിയത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ടീമില്‍ നിന്ന് പുറത്തായപ്പോള്‍ എന്താണ് കാരണമെന്ന് ചോദിച്ച് ആരും എന്നെ വിളിച്ചിട്ടില്ല. എന്റെ കരിയറില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടായിട്ടുണ്ട്. പക്ഷേ അതേക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഇന്ത്യന്‍ ടീമിലെ സ്ഥാനമോര്‍ത്ത് ഞാന്‍ തലപുകയ്ക്കാറില്ല. മറ്റ് മത്സരങ്ങള്‍ എന്നെ കാത്തിരിപ്പുണ്ട്. അതില്‍ വിജയിച്ച് കിരീടം നേടണം'- വിഹാരി വ്യക്തമാക്കി. 

29 കാരനായ വിഹാരി 2022 ജൂലായിലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. അന്ന് ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിലാണ് വിഹാരി കളിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 31 റണ്‍സ് മാത്രമാണ് വിഹാരിയ്ക്ക് നേടാനായത്.