ന്യൂഡൽഹി: ക്രിക്കറ്റിൽ എം.എസ് ധോനിയുടെ കാലം കഴിഞ്ഞുവെന്നും യുവതലമുറയ്ക്കു വേണ്ടി വഴിമാറികൊടുക്കേണ്ട സമയമാണിതെന്നും ഇന്ത്യയുടെ മുൻതാരം റോജർ ബിന്നി. ധോനിയുടെ ശാരീരികക്ഷമത കുറഞ്ഞുവരികയാണ്. മുമ്പ് കളിച്ചതുപോലെ ധോനിക്ക് ഇനി കളിക്കാൻ കഴിയില്ല. കഴിഞ്ഞ കുറച്ചുകാലമായുള്ള ധോനിയുടെ പ്രകടനം നോക്കിയിട്ടാണ് അദ്ദേഹത്തിന്റെ നല്ലകാലം കഴിഞ്ഞെന്നു പറയുന്നതെന്നും റോജർ ബിന്നി വ്യക്തമാക്കി.

To advertise here,

'ധോനിയുടെ ഏറ്റവും മികച്ചകാലം കടന്നുപോയി. അദ്ദേഹം തന്നെയാണ് ഇക്കാര്യം തിരിച്ചറിയേണ്ടത്. കരുത്തും സാമർഥ്യവും ഉപയോഗിച്ച് ധോനി കളി തന്നെ മാറ്റിയെടുത്തിട്ടുണ്ട്. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും ധോനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ഫിറ്റ്നെസ് കുറഞ്ഞുവരികയാണ്. യുവതാരങ്ങൾ അവസരത്തിനായി കാത്തിരിക്കുകയുമാണ്.' ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിന്നി വ്യക്തമാക്കുന്നു.

സീനിയർ താരങ്ങളെ എപ്പോഴും ധോനി ബഹുമാനിക്കുമായിരുന്നു. വളരെ സാധാരണക്കാരനായ വ്യക്തിയാണ് അദ്ദേഹം. സഹതരാങ്ങളോട് ഏറെ നേരം സംസാരിച്ച് ടീമിനു എന്താണ് വേണ്ടതെന്ന് പറയാനും ധോനി എപ്പോഴും തയ്യാറായിട്ടുണ്ട്. ബിന്നി കൂട്ടിച്ചേർത്തു. 1983-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന റോജർ ബിന്നി 2012-ൽ ബി.സി.സി.ഐയുടെ അഞ്ചംഗ സെലക്ഷൻ പാനലിലുമുണ്ടായിരുന്നു.

Content Highlights: MS Dhoni past his best has lost a bit of fitness says Roger Binny