ചെന്നൈ: കളിക്കളത്തിലായാലും പുറത്തായാലും എത്രതന്നെ പ്രതികൂല സാഹചര്യങ്ങളിലും ശാന്തത കൈവിടാത്ത താരമാണ് എം.എസ് ധോനി. അദ്ദേഹത്തിന്റെ ജനപ്രീതിയുടെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. ധോനിയെ 'ക്യാപ്റ്റന്‍ കൂള്‍' എന്ന് വിശേഷിപ്പിക്കുന്നതും ചുമ്മാതല്ല. തന്ത്രപരമായ മിടുക്ക്, ആത്മവിശ്വാസം എന്നിവയ്ക്കൊപ്പം ശാന്തനായി ഇരിക്കാനുള്ള ഈ കഴിവുമാണ് ധോനിയെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ക്യാപ്റ്റന്‍മാരുടെ നിലയിലേക്ക് ഉയര്‍ത്തിയത്. ടി20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാമ്പ്യന്‍സ് ട്രോഫി (2013) എന്നീ പ്രധാന ഐസിസി കിരീടങ്ങള്‍ നേടിയ ക്രിക്കറ്റ് ചരിത്രത്തിലെ ഏക ക്യാപ്റ്റനാണ് ധോനി. അതോടൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ചതും ധോനി തന്നെ.

To advertise here,

എപ്പോഴും ശാന്തനായി കാണപ്പെടുന്ന ധോനിക്കും ഇടയ്ക്ക് നിയന്ത്രണം നഷ്ടപ്പെടാറില്ലേ. ഇപ്പോഴിതാ ക്യാപ്റ്റന്‍ കൂളിന്റെ കോപത്തിനു മുന്നില്‍ വിറച്ചുപോയ കഥ പങ്കുവെച്ചിരിക്കുകയാണ് ആറു സീസണോളം ചെന്നൈയില്‍ ധോനിയുടെ സഹതാരമായിരുന്ന എസ്. ബദ്രിനാഥ്. ഇന്‍സൈഡ് സ്‌പോര്‍ട് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ബദ്രിനാഥ് ആ സംഭവം പങ്കുവെച്ചത്.

ചെന്നൈയില്‍ ആര്‍സിബിക്കെതിരായ ഒരു മത്സരത്തില്‍ ചെറിയ വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ടീം തോറ്റതിനു പിന്നാലെയായിരുന്നു അത് സംഭവിച്ചത്. തോല്‍വിയില്‍ കടുത്ത നിരാശയിലായ ധോനി ഡ്രസ്സിങ് റൂമിലെത്തി അവിടെയുണ്ടായിരുന്ന ഒരു വെള്ളക്കുപ്പി അതിശക്തിയായി ചവിട്ടിത്തെറിപ്പിക്കുകയും ചെയ്തു.

''ചെന്നൈയില്‍ ആര്‍സിബിക്കെതിരായ ഈ മത്സരത്തില്‍, ഞങ്ങള്‍ 110 റണ്‍സോ മറ്റോ പിന്തുടരുകയായിരുന്നു. തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ആ മത്സരം ഞങ്ങള്‍ തോറ്റു. അന്ന് ഞാന്‍ അനില്‍ കുംബ്ലെയ്ക്കെതിരെ ഒരു ലാപ് ഷോട്ടിന് ശ്രമിച്ച് എല്‍ബിഡബ്ല്യു ആയാണ് പുറത്താകുന്നത്. ശേഷം അദ്ദേഹം (ധോനി) ഡ്രസ്സിങ് റൂമിലേക്ക് വരികയായിരുന്നു. ഞാന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ മുന്നിലായി ഒരു ചെറിയ വെള്ളക്കുപ്പിയുണ്ടായിരുന്നു. എം.എസ് ഒറ്റച്ചവിട്ടിന് അത് ഡ്രസ്സിങ് റൂമിന് പുറത്തെത്തിച്ചു. അന്ന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കാന്‍ പോലും ഞങ്ങളെല്ലാവരും ഭയപ്പെട്ടു.'' - ബദ്രിനാഥ് പറഞ്ഞു.