കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യയുടെ മുഹമ്മദ് സിറാജിന് പരിക്ക്. ടെസ്റ്റിന്റെ നാലാം ദിനം ഒരു ക്യാച്ചിനുവേണ്ടി ഡൈവ് ചെയ്യുന്നതിനിടെ വീണ് വാരിയെല്ലിന് പരിക്കേറ്റ സിറാജിന് കുറേ നേരം ഗ്രൗണ്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു.

To advertise here,

ശ്രീലങ്കയുടെ രണ്ടാമിന്നിങ്‌സിന്റെ പതിനൊന്നാം ഓവറിൽ പസിന്ദു സൂര്യഭണ്ഡാരയുടെ ക്യാച്ചെടുക്കാൻവേണ്ടി മുന്നോട്ട് പറന്ന് ഡൈവ് ചെയ്‌തെങ്കിലും പന്ത് കൈയിൽ നിന്ന് വഴതുകയും സിറാജ് നെഞ്ചിന്റെ വശം ഇടിച്ച് നിലത്ത് വീഴുകയും ചെയ്തു. മാനവ് സുതാർ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച സൂര്യഭണ്ഡാര ടോപ് എഡ്ജ് ചെയ്യുകയായിരുന്നു. ഇത് കൈപ്പിടിയിലാക്കാൻ ഡീപ്പ് സ്‌ക്വയർ ലെഗ്ഗിൽ നിന്നാണ് സിറാജ് ഓടിയെത്തി മുന്നോട്ട് ഡൈവ് ചെയ്തത്. വേദന സഹിക്കവയ്യാതെ തറയിലിടിച്ച വാരിയെല്ലിന്റെ ഭാഗം അമർത്തി നിലത്ത് കിടന്ന സിറാജിനെ ഉടനെ വൈദ്യസംഘം പരിശോധിച്ചു. പിന്നീട് ഡഗ്ഗൗട്ടിലേയ്ക്ക് മാറ്റി. പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമല്ല. ഒന്നാമിന്നിങ്‌സിൽ ബാറ്റിങ്ങിനിടെ ചുമലിന് പരിക്കേറ്റ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത് ഇപ്പോൾ തന്നെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ധ്രുവ് ജുറെലാണ് പകരം വിക്കറ്റുകൾ കാക്കുന്നത്. സിറാജ് കൂടി പരിക്കേറ്റ് പിന്മാറിയാൽ ബൗളർമാർക്ക് നിർണായക റോൾ ഉള്ള വരുന്ന ഒന്നര ദിവസത്തെ കളിയിൽ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാവും.