കാസര്‍കോട് തളങ്കരയിലെ കടവത്ത് ഗ്രാമത്തില്‍നിന്ന് ഒരു നാണയത്തുട്ട് മുകളിലേക്കെറിഞ്ഞാല്‍ അത് ചെന്നുവീഴുക ഏതെങ്കിലുമൊരു അസ്ഹറുദ്ദീന്റെ തലയിലാവും. ഇന്ത്യയുടെ മുന്‍നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടുള്ള ഇഷ്ടംകാരണം അത്രയേറെ തളങ്കരക്കാര്‍ മക്കള്‍ക്ക് ആ പേര് നല്‍കിയിട്ടുണ്ട്. അതിലൊരു അസ്ഹറുദ്ദീന്‍ കരിയറായി ക്രിക്കറ്റ് തിരഞ്ഞെടുത്തതും രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ രക്ഷകനായതും കാലത്തിന്റെ 'കായികനീതി'യാവും.

To advertise here,

കേരള ക്രിക്കറ്റിന് കാലങ്ങളോളം താലോലിക്കാന്‍ വകനല്‍കുന്ന സെഞ്ചുറിയാണ് ചൊവ്വാഴ്ച അഹമ്മദാബാദില്‍ അസ്ഹറുദ്ദീന്‍ നേടിയത്. ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലില്‍ എത്തുകയാണെങ്കില്‍ ഈ െസഞ്ചുറിയുടെ ചുമലിലേറിയാകും.

അങ്ങനെ അസ്ഹറുദ്ദീനായി

ബി.കെ. മൊയ്തുവിന്റെയും നഫീസയുടെയും എട്ടുമക്കളില്‍ ഇളയവനാണ് അസ്ഹറുദ്ദീന്‍. അജ്മല്‍ എന്നായിരുന്നു ആദ്യം നിശ്ചയിച്ച പേര്. ഇപ്പോഴും അടുപ്പക്കാര്‍ 'അജു' എന്നാണ് വിളിക്കുക. മൂത്തജ്യേഷ്ഠന്‍ കമറുദ്ദീനായിരുന്നു വീട്ടിലെ കടുത്ത അസ്ഹറുദ്ദീന്‍ ആരാധകന്‍. ഗള്‍ഫിലായിരുന്ന അദ്ദേഹം ഒരിക്കല്‍ അസ്ഹറുദ്ദീന്റെ കളി ടി.വി.യില്‍ക്കണ്ട ഉടനെ വീടിന് സമീപത്തുള്ള എസ്.ടി.ഡി. ബൂത്തിലേക്ക് വിളിച്ചു. എന്നിട്ട് ഉപ്പയോട് ഇളയ അനിയന്റെ അജ്മല്‍ എന്ന പേരുമാറ്റി അസ്ഹറുദ്ദീന്‍ എന്നാക്കാന്‍ പറഞ്ഞു. വീട്ടുകാര്‍ സമ്മതിച്ചതോടെ അജ്മല്‍ അസ്ഹറുദ്ദീനായി.

അസ്ഹര്‍ 2.0

ആദം ഗില്‍ക്രിസ്റ്റിനെ ഇഷ്ടപ്പെടുന്ന അസ്ഹറുദ്ദീന്‍ ബാറ്റിങ്ങിലും ആ ശൈലി പിന്തുടരുന്നു. നേരിടുന്ന ആദ്യ പന്തില്‍ത്തന്നെ ബൗണ്ടറി കണ്ടെത്താന്‍ ശ്രമിക്കും. എന്നാല്‍, ചൊവ്വാഴ്ച മറ്റൊരു അസ്ഹറുദ്ദീനെയാണ് കണ്ടത്. ക്ഷമയും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി ഇതുവരെ 303 പന്തുകള്‍ നേരിട്ടുകഴിഞ്ഞു. ആകെ 50.3 ഓവര്‍! നേടിയത് 149 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 49.17. ഇത്രയും കുറഞ്ഞ സ്ട്രൈക്ക് റേറ്റില്‍ അസ്ഹറുദ്ദീന്‍ കളിക്കുന്നത് അപൂര്‍വം.

മൂന്നരസെഷനോളം ക്രീസില്‍നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പരിശീലകന്റെ പ്ലാന്‍ അതുപോലെ നടപ്പാക്കി. അനായാസം സിക്സടിക്കുമെങ്കിലും ഈ ഇന്നിങ്സില്‍ ഒരു സിക്സര്‍പോലുമില്ല. ക്രീസില്‍നിന്ന് പുറത്തേക്കിറങ്ങി ആദ്യമായി ഫോര്‍ നേടിയത് 228-ാം പന്തിലാണ്. സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള അസ്ഹറുദ്ദീന്‍ ജമ്മു-കശ്മീര്‍ (67*), ബംഗാള്‍ (84), ഹരിയാണ (53), മധ്യപ്രദേശ് (68) എന്നീ ടീമുകള്‍ക്കെതിരേ അര്‍ധസെഞ്ചുറിനേടി. സീസണില്‍ 573 റണ്‍സ് അടിച്ചുകഴിഞ്ഞു.