ഗോൾ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പുറത്തായ രീതിയെ രൂക്ഷമായി വിമർശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ സ്‌കോറിലേക്ക് മാറ്റാൻ കഴിയാതെ പന്ത് പുറത്തായത് 'കോമൺ സെൻസ്' ഇല്ലാത്തതുകൊണ്ടാണെന്ന് കൈഫ് അഭിപ്രായപ്പെട്ടു.

To advertise here,

മത്സരത്തിന്റെ 81-ാം ഓവറിൽ ശ്രീലങ്ക പുതിയ പന്ത് എടുത്തതിന് പിന്നാലെയാണ് പന്ത് ആക്രമണത്തിന് മുതിർന്നത്. 62 പന്തിൽ 39 റൺസെടുത്തു നിൽക്കെ ക്രീസിന് പുറത്തിറങ്ങി പന്ത് ഷോട്ടിന് ശ്രമിച്ചെങ്കിലും ടൈമിങ് പിഴച്ചതോടെ മിഡ് ഓഫിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. കേശര നുവാന്തയാണ് താരത്തെ പുറത്താക്കിയത്.

പന്തിന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് തനിക്ക് പരാതിയില്ലെന്നും എന്നാൽ കളിക്കളത്തിലെ സാമാന്യ ബുദ്ധി (കോമൺസെൻസ്) പന്ത് ഉപയോഗിച്ചില്ലെന്നുമാണ് കൈഫ് പറഞ്ഞത്. ''പുതിയ പന്ത് എടുത്ത ആദ്യ ഓവറിൽ തന്നെ അദ്ദേഹം മൂന്ന് തവണയാണ് സ്‌റ്റെപ്പ് ഔട്ട് ചെയ്ത് കളിച്ചത്. പുതിയ പന്ത് എടുത്താൽ കുറഞ്ഞത് അഞ്ച് മുതൽ ആറ് ഓവർ വരെ അത് കരുതലോടെ കളിക്കുക എന്നതാണ് ടെസ്റ്റ് ക്രിക്കറ്റിലെ രീതി.''-കൈഫ് സോണി സ്‌പോർട്‌സിനോട് പറഞ്ഞു.

മറ്റ് ബാറ്റർമാർ പന്തിനേക്കാൾ മികച്ച 'ക്രിക്കറ്റിങ് ലോജിക്' പ്രകടിപ്പിക്കുന്നുണ്ടെന്നും കൈഫ് കൂട്ടിച്ചേർത്തു. ഒരു ബാറ്റർ 150 റൺസിൽ നിൽക്കുകയാണെങ്കിൽ പോലും പുതിയ പന്ത് വരുമ്പോൾ ശ്രദ്ധിച്ചാണ് കളിക്കാറുള്ളതെന്നും ഋഷഭ് പന്ത് ഈ കണക്കുകൂട്ടലുകളിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.