ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ(ബിസിസിഐ) പുതിയ പ്രസിഡന്റായി മുന്‍ ഡല്‍ഹി ക്രിക്കറ്റ് താരം മിഥുന് മന്‍ഹാസിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് മിഥുന് മന്‍ഹാസിനെ തിരഞ്ഞെടുത്തത്. ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ് മിഥുൻ. റോജര്‍ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുൻ എത്തുന്നത്. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള മിഥുന് ദേശീയ ടീമില്‍ കളിച്ചിട്ടില്ല.
അതേസമയം, ദേവജിത് സൈക്കിയ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ജയ് ഷായ്ക്ക് പകരക്കാരനായാണ് സൈക്കിയ സെക്രട്ടറി സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റായി രാജീവ് ശുക്ലയെയും ട്രഷററായി പ്രഭ്തേജ് ഭാട്ടിയയെയും തിരഞ്ഞെടുത്തു.
ആഭ്യന്തര ക്രിക്കറ്റില്‍ ദീര്‍ഘകാലം കളിച്ചിട്ടുള്ളയാളാണ് മിഥുന് മന്‍ഹാസ്. 1997-98 സീസണ് മുതല്‍ 2016-17 സീസണ് വരെ നീണ്ടുനില്‍ക്കുന്നതാണ് മിഥുന്റെ കരിയര്‍. 157 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍നിന്നായി 9,714 റണ്‍സ് നേടി. 45.82 ആണ് ശരാശരി. 27 സെഞ്ചുറികളും 49 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിൾസ്, പുണെ വാരിയേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകളുടെ ഭാഗമായി.
70 വയസ് തികയുന്ന സാഹചര്യത്തിലാണ് റോജര്‍ ബിന്നി സ്ഥാനമൊഴിഞ്ഞത്. ജൂലായ് 19-ന് ബിന്നിക്ക് 70 വയസ് തികഞ്ഞിരുന്നു. ബിസിസിഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. 2022-ല്‍ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റായത്. പിന്നാലെ ഇടക്കാല പ്രസിഡന്റായി രാജീവ് ശുക്ലയെ നിയമിച്ചിരുന്നു.
Published: 28 Sept 2025, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented