ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന വനിതാ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മിതാലി രാജും ജൂലന്‍ ഗോസ്വാമിയും. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്. 

To advertise here,

ബാറ്റര്‍മാരുടെ പട്ടികയില്‍ മിതാലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. 686 പോയന്റാണ് താരത്തിനുളളത്. ആദ്യ പത്തില്‍ ഇന്ത്യയുടെ സ്മൃതി മന്ദാനയും ഇടം നേടിയിട്ടുണ്ട്. സ്മൃതി പത്താം സ്ഥാനത്താണ്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ് ലോക ഒന്നാം നമ്പര്‍ താരമായി മാറി. ഓസ്‌ട്രേലിയയുടെ അലീസ ഹീലിയെ മറികടന്നാണ് ലോറ ഒന്നാമതെത്തിയത്. അലീസ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ബൗളര്‍മാരുടെ പട്ടികയില്‍ ജൂലന്‍ ഗോസ്വാമി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. 663 പോയന്റാണ് താരത്തിനുള്ളത്. ആദ്യ പത്തിലിടം നേടിയ ഏക ഇന്ത്യന്‍ താരവും ജൂലനാണ്. ഇംഗ്ലണ്ടിന്റെ സോഫി എക്‌സെല്‍സ്റ്റോണാണ് ഒന്നാം സ്ഥാനത്ത്. 

എന്നാല്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജൂലന് ഒരു സ്ഥാനം നഷ്ടമായി. ഒന്‍പതാം സ്ഥാനത്തുണ്ടായിരുന്ന ജൂലന്‍ പത്താം സ്ഥാനത്തേക്ക് വീണു. ആദ്യപത്തില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മയും ഇടം നേടിയിട്ടുണ്ട്. ദീപ്തി ഏഴാമതാണ്. ഓസ്‌ട്രേലിയയുടെ എലിസെ പെറിയാണ് പട്ടികയില്‍ ഒന്നാമത്.