ന്യൂഡല്‍ഹി: വിമാനത്തിൽവെച്ച് വെള്ളമെന്ന് തെറ്റിദ്ധരിച്ച് ദ്രാവകം കുടിച്ചതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മായങ്ക് അഗര്‍വാളിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയില്‍നിന്നുള്ള താരത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു. മായങ്ക് അഗര്‍വാള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. 'സുഖം തോന്നുന്നു. തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി' എന്ന് താരം എക്‌സില്‍ ചിത്രത്തോടൊപ്പം കുറിച്ചു..

To advertise here,

വിമാനത്തില്‍വെച്ച് വെള്ളമെന്നു കരുതി പൗച്ചിലുണ്ടായിരുന്ന ദ്രാവകം കുടിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രഞ്ജി ട്രോഫി മത്സരത്തിനുശേഷം ചൊവ്വാഴ്ച ത്രിപുരയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍വെച്ചായിരുന്നു സംഭവം. 

വായില്‍ പൊള്ളലും തൊണ്ടയില്‍ അസ്വസ്ഥതകളും ഛര്‍ദിയും അനുഭവപ്പെട്ടതോടെ അഗര്‍ത്തലയിലെ ആശുപത്രിയില്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ത്രിപുര പോലീസ് അന്വേഷണം നടത്തുകയാണ്. രഞ്ജി ട്രോഫിയില്‍ കര്‍ണാടകയുടെ ക്യാപ്റ്റന്‍ കൂടിയായ മായങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.