ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന താരം ടി20 ലോകകപ്പിനു ശേഷം ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ഹോം സീസണോടെ വിരമിച്ചേക്കുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

ഈ വര്‍ഷമാദ്യം നടന്ന ഇന്ത്യന്‍ പര്യടനത്തിനിടെ ടെസ്റ്റ് ചരിത്രത്തില്‍ 700 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറെന്ന നേട്ടം താരം സ്വന്തമാക്കിയിരുന്നു. 800 വിക്കറ്റുകളുമായി ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും 708 വിക്കറ്റുകളുമായി ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണുമാണ് ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്.

അടുത്ത ആഷസ് പരമ്പര (2025-26) മുന്നില്‍ക്കണ്ട് ഇംഗ്ലണ്ട് ടീം പുതിയ പേസര്‍മാരെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലം, ആന്‍ഡേഴ്‌സണുമായി ചര്‍ച്ച നടത്തുകയും താരത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്തതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വരുന്നു ജൂലായില്‍ ആന്‍ഡേഴ്‌സണ് 42 വയസ് തികയും.

ഈ വര്‍ഷം നാട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പരകളുണ്ട്. ഇവയില്‍ ഒരു മത്സരം താരത്തിന്റെ ജന്മനാടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടത്തി അദ്ദേഹത്തിന് അര്‍ഹിക്കുന്ന വിരമിക്കല്‍ മത്സരം ഒരുക്കാനുള്ള തയ്യാറെടുപ്പുകളും നടക്കും.

2002 മേയില്‍ സിംബാബ്‌വെയ്‌ക്കെതിരേ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ആന്‍ഡേഴ്‌സണ്‍ 187 ടെസ്റ്റില്‍ നിന്ന് 700 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റുകളും 19 ടി20 മത്സരങ്ങളില്‍ നിന്നായി 18 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.