ന്യൂഡൽഹി: ആദ്യകളിയിൽ കാര്യമായ വെല്ലുവിളിയില്ലാതെയാണ് ടീം ഇന്ത്യ അഫ്ഗാനിസ്താനെ തോൽപ്പിച്ചത്. അതിന്റെ ആത്മവിശ്വാസത്തിലാണ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുന്നത്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി 7.30-നാണ് ഇന്ത്യ- അഫ്ഗാൻ പോരാട്ടം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലാണ് (1-0). ജയിച്ചാൽ പരമ്പര സ്വന്തമാകും.

To advertise here,

ഓപ്പണർ അഭിഷേക് ശർമ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യൻ ടീമിനെ ആഹ്‌ളാദിപ്പിക്കുന്ന ഘടകം. ആദ്യകളിയിൽ മിന്നലടികളുമായി താരം കളംനിറഞ്ഞു. എന്നാൽ, മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. സഞ്ജുവിന് ഒരവസരംകൂടി നൽകാൻ മാനേജ്‌മെന്റ് തയ്യാറായേക്കും. എന്നാൽ, പുത്തൻ താരോദയം വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയാണ് അവസരം ലഭിക്കുന്നതെന്ന ചിന്ത സഞ്ജുവിന് കൂടുതൽ സമ്മർദം സൃഷ്ടിക്കും.

അഞ്ചാം ബൗളർ ടീം മാനേജ്‌മെന്റിന് തലവേദനയാണ്. കഴിഞ്ഞ മത്സരത്തിൽ നിധീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അഭിഷേക് ശർമ എന്നിവർ ചേർന്നാണ് അഞ്ചാം ബൗളറുടെ ക്വാട്ട പൂർത്തിയാക്കിയത്. നാല് ഓവറിൽ മൂവരും ചേർന്ന് 59 റൺസാണ് വഴങ്ങിയത്. ബാക്കി നാല് ബൗളർമാരും നന്നായി പന്തെറിഞ്ഞപ്പോഴാണിത്. നിധീഷ്‌കുമാറിന് പകരം വാഷിങ്ടൺ സുന്ദറിനെ പരിഗണിക്കാനും സാധ്യതയുണ്ട്.

പരിക്കേറ്റ സ്പിന്നർ വരുൺ ചക്രവർത്തി പരമ്പരയിൽനിന്ന് പുറത്തായത് ടീമിന് തിരിച്ചടിയാണ്. ഏഷ്യൻ ഗെയിംസിലും താരം കളിച്ചേക്കില്ല. വരുണിന് പകരം രവി ബിഷ്‌ണോയിയെ കളിപ്പിക്കാൻ സാധ്യതയുണ്ട്.

ബാറ്റിങ്ങിലാണ് അഫ്ഗാന് പ്രതിസന്ധിയുള്ളത്. മുൻനിര ആദ്യകളിയിൽ തകർന്നിരുന്നു. അസമത്തുള്ള ഒമർസായിയുടെ ബാറ്റിങ്ങാണ് ടീമിന് തുണയായത്.