മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഈയിടെയാണ് ബി.സി.സി.ഐ. പ്രഖ്യാപിച്ചത്. സീനിയര്‍ താരമായ രവിചന്ദ്ര അശ്വിനും ടീമിലിടം നേടി. എന്നാല്‍ അശ്വിനെ ടീമിലെടുത്ത ബി.സി.സി.ഐയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ കിരണ്‍ മോറെ. 

To advertise here,

അശ്വിന്റെ എന്തിനാണ് ടീമിലുള്‍പ്പെടുത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും ഇത് അത്ഭുതം ജനിപ്പിക്കുന്ന വാര്‍ത്തയാണെന്നും മോറെ പറഞ്ഞു. മുന്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റി തലവന്‍ കൂടിയാണ് മോറെ. 

'അശ്വിന്‍ എങ്ങനെയാണ് ഇന്ത്യന്‍ ടീമിലെത്തിയത്? ഇത് അത്ഭുതമാണ്. അശ്വിന്റെ ട്വന്റി 20 യിലെ സമീപകാല പ്രകടനം മോശമാണ്. ഐ.പി.എല്ലിലും ഫോം കണ്ടെത്തിയിട്ടില്ല. അശ്വിന് പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തണമായിരുന്നു. സ്പിന്നറെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അക്ഷര്‍ പട്ടേലിനെ പരിഗണിക്കാം. വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളര്‍മാരെയാണ് ഇന്ത്യയ്ക്ക് ആവശ്യം. ഷമി അതിനനുയോജ്യനാണ്'-കിരണ്‍ മോറെ തുറന്നടിച്ചു. 

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ നാല് സ്പിന്നര്‍മാരുണ്ട്. അശ്വിനെക്കൂടാതെ യൂസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയി എന്നിവരുമുണ്ട്. ഓഗസ്റ്റ് 27 നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.