മസ്ക്കറ്റ്: ഒമാൻ ചെയർമാൻ ഇലവനുമായുള്ള ട്വൻ്റി 20 പരമ്പര സ്വന്തമാക്കി കേരള ടീം. മൂന്നാമത്തെ മത്സരത്തിൽ ഒമാൻ ടീമിനെ 43 റൺസിന് തോൽപ്പിച്ചതോടെയാണ് കേരളം പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ഓപ്പണർ വിഷ്ണു വിനോദിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻ ഇലവന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് മാത്രമാണ് നേടാനായത്. ഒമാനിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ കേരളം തോറ്റിരുന്നു. പിന്നീട് രണ്ട് മത്സരങ്ങൾ തുടർച്ചയായി ജയിച്ചാണ് കേരള ടീം പരമ്പര നേടിയത്.

To advertise here,

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഇന്നിങ്സിൻ്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ കൃഷ്ണപ്രസാദിൻ്റെ വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത വിനൂപ് മനോഹരനും രണ്ടാം ഓവറിൽ മടങ്ങി. വിഷ്ണു വിനോദും സാലി വിശ്വനാഥും ചേർന്ന 86 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. ആദ്യ ഓവറുകളിൽ കരുതലോടെ ബാറ്റ് വീശിയ വിഷ്ണു വിനോദ് ഒൻപതാം ഓവർ മുതലാണ് കൂറ്റൻ ഷോട്ടുകൾക്ക് തുടക്കമിട്ടത്. 29 പന്തുകളിലാണ് വിഷ്ണു അർധ സെഞ്ചുറി പൂർത്തിയാക്കിയത്. ഇതിനിടയിൽ 30 റൺസെടുത്ത സാലി വിശ്വനാഥ് മടങ്ങി. എ കെ അർജുൻ അഞ്ചും അഖിൽ സ്കറിയ ഒരു റണ്ണും എടുത്ത് പുറത്തായി. അവസാന ഓവറുകളിൽ വിഷ്ണു വിനോദും അൻഫലും ചേർന്നുള്ള കൂറ്റനടികളാണ് കേരളത്തിൻ്റെ സ്കോർ 190 ൽ എത്തിച്ചത്.

അവസാന രണ്ട് ഓവറുകളിൽ നിന്നായി ഇരുവരും 38 റൺസ് നേടി. വിഷ്ണു വിനോദ് 57 പന്തുകളിൽ നിന്ന് 101 റൺസും അൻഫൽ 13 പന്തുകളിൽ നിന്ന് 32 റൺസും നേടി പുറത്താകാതെ നിന്നു. നാല് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിൻ്റെ ഇന്നിങ്സ്. ചെയർമാൻ ഇലവന് വേണ്ടി ഷക്കീൽ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയർമാൻ ഇലവന് ഓപ്പണർമാരായ ജതീന്ദർ സിങ്ങും ആമിർ കലീമും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്തു. ജതീന്ദർ സിങ് (27), ആമിർ കലീം (25), ഹമ്മദ് മിർസ (21), വിനായക് ശുക്ല (17) എന്നിവർ സ്കോറുയർത്തി. അവസാന ഓവറുകളിൽ സിക്രിയ ഇസ്ലാമിൻ്റെ കൂറ്റൻ ഷോട്ടുകളാണ് ചെയർമാൻ ഇലവൻ്റെ സ്കോർ 147 വരെയെത്തിച്ചത്. സിക്രിയ ഇസ്ലാം 19 പന്തുകളിൽ നിന്ന് 30 റൺസ് നേടി. കേരളത്തിന് വേണ്ടി അഖിൽ സ്കറിയ നാല് ഓവറുകളിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജെറിൻ പി എസ് നാല് ഓവറുകളിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും സ്വന്തമാക്കി.