
നാഗ്പുര്‍: ഏഴുപതിറ്റാണ്ടിന്റെ കാത്തിരിപ്പു കഴിഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടമെന്ന സ്വപ്നം മലയാളക്കരയ്ക്ക് ഒരു വിജയംമാത്രം അകലെയാണിപ്പോള്‍. ബുധനാഴ്ച തുടങ്ങുന്ന രഞ്ജി ഫൈനലില്‍ കേരളം, രണ്ടുവട്ടം ജേതാക്കളായ വിദര്‍ഭയെ നേരിടും. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം തുടങ്ങും.
കഴിഞ്ഞവര്‍ഷം ഫൈനലില്‍ മുംബൈക്കുമുന്നില്‍ തോറ്റ വിദര്‍ഭയ്ക്ക് അത് വീണ്ടെടുക്കാനുള്ള വരവാണിത്. നാഗ്പുരിലെ സ്വന്തം തട്ടകത്തില്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും കാത്തുവെച്ച് അവര്‍ കാത്തിരിക്കുന്നു. പരാജയത്തിന്റെ വക്കില്‍നിന്ന് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഫൈനല്‍വരെ എത്തിയത് കേരളത്തിന് കരുത്താകും. നാഗ്പുരില്‍ നേരത്തേ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു.
സെമിയില്‍ കളിച്ച കേരള ടീമില്‍ ചെറിയമാറ്റത്തിന് സാധ്യതയുണ്ട്. രാവിലെ ഈര്‍പ്പമുണ്ടെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയാണ് നാഗ്പുരില്‍. ചൊവ്വാഴ്ച ഉച്ചവരെ ഇരുടീമുകളും പരിശീലനത്തിനിറങ്ങി. രഞ്ജിയിലെ 90-ാം ഫൈനലാണിത്.
തോല്‍വിയറിയാതെ...
ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലും തോല്‍വിയില്ലാതെയാണ് കേരളവും വിദര്‍ഭയും ഫൈനലില്‍ എത്തിയത്. ഗ്രൂപ്പില്‍ ആറു വിജയവും ഒരു സമനിലയും നേടിയ വിദര്‍ഭ, അവസാന അഞ്ചു മത്സരവും ജയിച്ചു. ക്വാര്‍ട്ടര്‍ഫൈനലില്‍ കരുത്തരായ തമിഴ്നാടിനെയും സെമിയില്‍ മുംബൈയെയും കീഴടക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് (40) നേടിയതും വിദര്‍ഭയാണ്.
മൂന്നു വിജയവും നാലു സമനിലയുമുള്‍പ്പെടെ 28 പോയിന്റുമായി ഗ്രൂപ്പില്‍നിന്ന് മുന്നേറിയ കേരളം ക്വാര്‍ട്ടറിലും സെമിയിലും തോല്‍വിയെ മുന്നില്‍ക്കണ്ടശേഷം തിരിച്ചുവന്ന് ഒന്നാം ഇന്നിങ്സ് ലീഡുപിടിച്ച് മുന്നേറി.
അവിസ്മരണീയം
ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും അനിശ്ചിതത്വവും നിറഞ്ഞ ഒരുപിടി നിമിഷങ്ങള്‍ കടന്നാണ് കേരളം ഫൈനലില്‍ എത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു-കശ്മീരിനെതിരേ സല്‍മാനും (112*) ബേസില്‍ തമ്പിയും ചേര്‍ന്നുള്ള അവസാന വിക്കറ്റിലെ 81 റണ്‍സിന്റെ കൂട്ടുകെട്ട് ഈ ടൂര്‍ണമെന്റിലെതന്നെ അദ്ഭുത പ്രകടനങ്ങളിലൊന്നായി. അവസാന വിക്കറ്റില്‍ 81 റണ്‍സെടുത്ത് ഒരു റണ്‍ ലീഡ് നേടി മത്സരവും സെമിബെര്‍ത്തും ഉറപ്പിച്ചത് കേരളസംഘത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. സെമിയില്‍ അവസാനദിനം 29 റണ്‍സിനിടെ ഗുജറാത്തിന്റെ മൂന്നുവിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയും തുടര്‍ച്ചയായി 70 ഓവര്‍ എറിഞ്ഞ് ഗുജറാത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തിയ ജലജ് സക്സേനയും മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറി (177*)യും കേരളത്തിനായി അദ്ഭുതം തുടര്‍ന്നു. അവസാനം സല്മാന് നിസാറിന്റെ ഹെല്‍മെറ്റിന്റെ രൂപത്തില്‍ 'ദൈവത്തിന്റെ കൈ' കേരളത്തിനൊപ്പം നിന്നു.
Content Highlights: Kerala faces Vidarbha in the Ranji Trophy final after a thrilling journey
Published: 26 Feb 2025, 08:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented