തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവകാശവാദമുന്നയിക്കാൻ കേരള സർവകലാശാലയുടെ തീരുമാനം. നിലവിൽ ഉടമസ്ഥാവകാശത്തിൽ തർക്കം നിലനിൽക്കുന്ന സ്റ്റേഡിയം, തങ്ങൾക്കു നൽകണമെന്ന് സർവകലാശാല സർക്കാരിനോട് ആവശ്യപ്പെടും. സർവകലാശാലയുടെ 35 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് പി.പി.പി. പദ്ധതിപ്രകാരം സ്റ്റേഡിയം പണിതത്.
ഐ.എൽ.ആൻഡ്.എഫ്.എസ്. (ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്), സംസ്ഥാന സർക്കാർ, കേരള സർവകലാശാല എന്നിവർ തമ്മിലുള്ള ത്രികക്ഷികരാറിന്റെ അടിസ്ഥാനത്തിലാണ് 2015-ൽ ദേശീയ ഗെയിംസിന്റെ ഭാഗമായി കാര്യവട്ടത്ത് സ്റ്റേഡിയം നിർമിച്ചത്. 2012-ൽ നിർമാണം തുടങ്ങി.
15 വർഷം നടത്തിപ്പിനുശേഷം ഭൂമിയുടെ ഉടമസ്ഥരായ കേരള സർവകലാശാലയ്ക്ക് തിരികെനൽകുന്ന രീതിയിലാണ് കരാർ തയ്യാറാക്കിയിരുന്നത്. അടുത്തവർഷം കാലാവധി പൂർത്തിയാകുമ്പോൾ സ്റ്റേഡിയം തിരികെവേണമെന്നാണ് സർവകലാശാല സെനറ്റിന്റെ ആവശ്യം.
ഡിസൈൻ ചെയ്ത് നിർമിച്ച് പരിപാലിച്ച് കൈമാറാമെന്ന വ്യവസ്ഥയിലാണ് ഐ.എൽ.ആൻഡ്.എഫ്.എസ്. സ്റ്റേഡിയം നിർമിച്ചത്. 160 കോടി ചെലവാകുമെന്നായിരുന്ന ആദ്യം കരുതിയിരുന്നത്. എന്നാൽ, സ്റ്റേഡിയം പൂർത്തിയായപ്പോൾ 260 കോടിയായി.
ഇതിൽ ഒരുഭാഗം എല്ലാ വർഷവും നിശ്ചിത തുക ആന്വിറ്റിയായി സർക്കാർ തിരികെനൽകാമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കൂടാതെ സ്റ്റേഡിയം നടത്തിപ്പും പരിപാലനവും ഐ.എൽ.ആൻഡ്.എഫ്.എസ്. തന്നെ വഹിക്കും.
ഇതിൽ നിന്നുള്ള വരുമാനവും സ്റ്റേഡിയം നിർമാണച്ചെലവിൽ ഉൾക്കൊള്ളിക്കാം. എന്നാൽ ഐ.എൽ.ആൻഡ്.എഫ്.എസിന് ആന്വിറ്റിയായി ഒന്നും സർക്കാർ കൈമാറിയില്ല. സർവകലാശാലയ്ക്ക് എല്ലാ വർഷവും വസ്തുവിന്റെ വിപണിവിലയുടെ 2.5 ശതമാനം പാട്ടത്തുക നൽകാമെന്നും സർക്കാർ കരാറുണ്ടാക്കി.
മൂന്നു കക്ഷികൾക്കും സമ്മതമാണെങ്കിൽ പാട്ടക്കാലാവധി അടുത്ത 15 വർഷത്തേക്ക് നീട്ടാമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ 2019-ഓടെ ഐ.എൽ.ആൻഡ്.എഫ്.എസിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. ഇതോടെ രാജ്യത്തെങ്ങുമുള്ള ഐ.എൽ.ആൻഡ്.എഫ്.എസ്. പദ്ധതികൾ നിലച്ചു. തുടർന്നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായത്.
സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിന്റെ നടത്തിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷൻ കരാറെടുത്തതിനാൽ ഗ്രൗണ്ട് മാത്രം മികച്ച രീതിയിൽ പരിപാലിക്കാനായി. മറ്റ് അടിസ്ഥാനസൗകര്യങ്ങളെല്ലാം തകർന്നുതുടങ്ങി. സ്റ്റേഡിയത്തിനോട് അനുബന്ധമായ വ്യാപാര സംവിധാനങ്ങൾ സ്വകാര്യവ്യക്തി പാട്ടത്തിനെടുത്ത് നടത്തുകയും ചെയ്യുന്നുണ്ട്.
നികുതി എട്ടുകോടി
കേരള സർവകലാശാലയ്ക്ക് സർക്കാർ നൽകാമെന്ന് പറഞ്ഞിരുന്ന പാട്ടത്തുക ഇതുവരെ നൽകിയിട്ടില്ല. എന്നാൽ പാട്ടത്തുക കൈമാറിയില്ലെങ്കിലും, കരാർപ്രകാരം ലഭിക്കേണ്ട തുകയ്ക്ക് എട്ടുകോടി നികുതി അടയ്ക്കണമെന്നാണ് ജി.എസ്.ടി. വകുപ്പ് സർവകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കിട്ടാത്ത പാട്ടത്തുകയ്ക്ക് നികുതി അടയ്ക്കില്ലെന്ന നിലപാടിലാണ് സർവകലാശാല. ഇക്കാര്യത്തിൽ നേരത്തെ ജി.എസ്.ടി. വകുപ്പ് നൽകിയ നോട്ടീസിനെതിരെ സർവകലാശാല ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ ജി.എസ്.ടി. വകുപ്പ് നികുതി അടയ്ക്കണമെന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു. ഇതിനെതിരെ അപ്പീൽ നൽകാനാണ് സർവകലാശാലയുടെ തീരുമാനം.
Content Highlights: Kerala University decides to claim ownership of the Karyavattom Greenfield Stadium., The stadium was built on 35 acres of university land under a PPP model via a tripartite agreement in 2015., The 15-year lease period is approaching completion, prompting the university senate's demand., The university is facing an 8 crore GST tax notice on unpaid lease amounts and plans to appeal.
Published: 30 Sept 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented