തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലിൽ യുവ രാമനാട്ടുകരയെ 30 റൺസിന് തോൽപ്പിച്ചാണ് ആഷസ് ജേതാക്കളായത്. ജേതാക്കൾക്ക് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത് വി. നായർ ട്രോഫികളും കാഷ് പ്രൈസായ 30,000 രൂപയും സമ്മാനിച്ചു. സിഇഒ ആൻഡ് സിഎഫ്ഒ മിനു ചിദംബരം, കെസിഎ വൈസ് പ്രസിഡന്റ് കെ സതീശൻ, ട്രഷറർ ടി അജിത് കുമാർ,ആർബിഎൽ ബാങ്ക് കേരള ഹെഡ് റിജോ ജോണും ബ്രാഞ്ച് മാനേജർ അഭിലാഷ് ഡേവിഡ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.കെസിഎല്ലിന് മുന്നോടിയായി സംസ്ഥാനത്ത് ക്രിക്കറ്റ് ആവേശം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫാൻ ലീഗ് സംഘടിപ്പിച്ചത്.
കെസിഎല്ലിലെ വിവിധ ടീമുകൾ പ്രതിനിധീകരിക്കുന്ന ആറ് ജില്ലകളിലായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്. ഓരോ ജില്ലകളിലെയും ജേതാക്കളാണ് കഴക്കൂട്ടത്തെ ദി ഓവൽ ടർഫിൽ നടന്ന ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ആഷസ് കൊട്ടാരക്കര അഞ്ച് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുത്തു. ഒൻപത് പന്തുകളിൽ 25 റൺസെടുത്ത നിസാമാണ് ആഷസിന്റെ ടോപ് സ്കോറർ. യുവ രാമനാട്ടുകരയ്ക്ക് വേണ്ടി വിഷ്ണു രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുവയ്ക്ക് അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് മാത്രമാണ് നേടാനായത്. ഒരോവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ റോബിന്റെ പ്രകടനമാണ് ആഷസിന് വിജയമൊരുക്കിയത്.
യുവ രാമനാട്ടുകരയുടെ ജോസാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്. യുവയുടെ തന്നെ അസ്ലം മാവൂർ മികച്ച ബാറ്ററായും വിഷ്ണു നന്ദൻ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയതും അസ്ലം മാവൂരാണ്. ഫോർച്യൂൺ സിസി (തിരുവനന്തപുരം), ആഷസ് കൊട്ടാരക്കര (കൊല്ലം), ടീം കോൺക്വറേഴ്സ് (ആലപ്പുഴ), ഐഡ ബറ്റാലിയൻസ് (കൊച്ചി), ലെജന്റ്സ് പൊന്നൂക്കര (തൃശൂർ), യുവ രാമനാട്ടുകര (കോഴിക്കോട്) എന്നീ ടീമുകളായിരുന്നു ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടിയത്.
Content Highlights: Ashes Kottarakkara won the KCL Fan League by defeating Yuva Ramanattukara by 30 runs in the final., KCA President Sreejith V. Nair presented the trophy and a cash prize of Rs 30,000 to the winners., The tournament was organized by KCA across six districts to build cricket excitement ahead of KCL., Yuva Ramanattukara's Jos won Player of the Tournament, with Aslam Mavoor and Vishnu Nandan winning best batsman and bowler.
Published: 15 Aug 2026, 09:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented