വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് - ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം വിചിത്രമായ രണ്ട് പുറത്താകലുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ന്യൂസീലന്‍ഡ് താരം കെയിന്‍ വില്യംസന്റെ പുറത്താകലാണ് ഒന്ന്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെയും കെയിന്‍ വില്യംസന്റെയും പുറത്താകലിലെ കൗതുകമാണ് മറ്റൊന്ന്. 12 വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുതവണ പോലും റണ്ണൗട്ടാവേണ്ടി വന്നിട്ടില്ല കെയിന്‍ വില്യംസന്. വെള്ളിയാഴ്ച അതിന് മാറ്റം വന്നു. അതാവട്ടെ, ക്രിക്കറ്റില്‍ അത്യപൂര്‍വമായി മാത്രം കാണുന്ന വിധത്തിലുള്ള റണ്ണൗട്ടായിരുന്നു. 

To advertise here,

ന്യൂസീലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുന്ന സമയം. കെയിന്‍ വില്യംസണാണ് ബാറ്റിങ്ങിന് വന്നത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് ബൗളര്‍. സ്റ്റാര്‍ക്ക് എറിഞ്ഞ പന്ത് മിഡ് ഓഫിലേക്ക് പായിച്ച വില്യംസണ്‍ സിംഗിളിനായി ഓടി. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഉണ്ടായിരുന്ന വില്‍ യങ് പന്ത് പോവുന്നത് നോക്കി അവിടത്തന്നെ നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, അപ്പോഴേക്കും വില്യംസണ്‍ ഓടിത്തുടങ്ങിയതിനാല്‍ യങ്ങും തിരിച്ചോടി.

ധാരണപ്പിശക് മൂലമുണ്ടായ ആ ഓട്ടം ഇരുവരും കൂട്ടിമുട്ടുന്നതിലേക്ക് നയിച്ചു. പന്ത് കൈയില്‍ കിട്ടിയ ഓസീസ് താരം മാര്‍നസ് ലംബുഷൈന്‌ പിഴച്ചതുമില്ല. സ്റ്റമ്പ് ലക്ഷ്യമാക്കി എറിഞ്ഞ പന്ത് കൃത്യംതന്നെ കൊണ്ടു. ഇതോടെ വില്യംസണ്‍ ഡക്ക്. 12 വര്‍ഷത്തെ വില്യംസന്റെ ടെസ്റ്റ് കരിയറില്‍ ഇതാദ്യം. 

ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങ് റാങ്കിങ്ങില്‍  ഒന്നാമതുള്ള വില്യംസണും രണ്ടാമതുള്ള സ്റ്റീവ് സ്മിത്തും ഒരേദിനം ഒരു കളിയില്‍ ഡക്കായതാണ് മറ്റൊന്ന്. ഒന്നാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് വില്യംസണ്‍ റണ്ണൊന്നുമില്ലാതെ മടങ്ങിയതെങ്കില്‍, രണ്ടാം ഇന്നിങ്‌സിലാണ് സ്റ്റീവ് സ്മിത്തിന്റെ പുറത്താകല്‍. രണ്ട് പന്തുകള്‍ നേരിട്ടാണ് വില്യംസണ്‍ മടങ്ങിയത്. മൂന്ന് പന്തുകള്‍ നേരിട്ട് സ്മിത്തും മടങ്ങി.