തിരുവനന്തപുരം: ജെമീമ റോഡ്രിഗസ് മികച്ച ബാറ്റര്‍ മാത്രമല്ല, മറ്റു ക്രിക്കറ്റര്‍മാര്‍ക്ക് പ്രചോദനവുമാണെന്ന് നിലവില്‍ യുഎഇ ദേശീയ ടീമംഗവും മുന്‍ കേരള വനിതാ ക്രിക്കറ്റ് താരവുമായ കെസിയ മറിയം സബിന്‍. കെസിയയുടെ സുഹൃത്ത് കൂടിയാണ് ജെമീമ. താന്‍ ബുദ്ധിമുട്ടിയ ഒരു സമയത്ത് ജെമീമ ചെയ്ത ഫോണ്‍കോള്‍ വളരെ പ്രയോജനപ്രദമായെന്ന് കെസിയ പ റഞ്ഞു.
എല്ലാവരും ജെമീമയുടെ കളി മികവിനെക്കുറിച്ച് പറയുമ്പോള്‍ തനിക്ക് പറയാനുള്ളത് അവളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും കുറിച്ചാണെന്ന് കെസിയ പറഞ്ഞു. പരിക്ക് കാരണം അണ്ടര്‍-19 കേരള വനിതാ ടീം സ്‌ക്വാഡില്‍ ഇടംനേടാനാവാതെവന്ന ഒരു ഘട്ടത്തില്‍ താന്‍ തളര്‍ന്നുപോയിരുന്നു. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന ഘട്ടത്തിലായിരുന്നു ജെമീമയുടെ ഫോണ്‍കോള്‍ വന്നത്.
വ്യക്തിജീവിതത്തില്‍ ഒരുപാട് ഉത്കണ്ഠകളും മാനസിക സംഘര്‍ഷങ്ങളും നേരിടേണ്ടിവന്നതിന്റെ അനുഭവകഥകള്‍ പറഞ്ഞാണ് ജെമീമ അന്ന് പ്രചോദിപ്പിച്ചത്. അതേ അവസ്ഥയിലൂടെ കടന്നുപോയ തനിക്ക്, തിരിച്ചുവരുമെന്നും പോരാടണമെന്നുമുള്ള ആത്മവിശ്വാസം പകര്‍ന്നത് ജെമീമയായിരുന്നു. പരിക്കേറ്റതിന്റെ സങ്കടത്തില്‍ നില്‍ക്കവേ, അന്ന് അച്ഛന്‍ പറഞ്ഞാണ് ജെമീമയ്ക്ക് മെസേജയച്ചത്. അതിന് മറുപടി ലഭിച്ചു. ഒന്നു സംസാരിക്കാന്‍ പറ്റുമോ എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ രാത്രി വിളിക്കാമെന്ന് മറുപടി നല്‍കി. അപ്പോഴും വിളിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു.
പക്ഷേ, രാത്രി അപ്രതീക്ഷിതമായി ജെമീമയുടെ വിളി വരികയും അര മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. അന്ന് അച്ഛനോടും അമ്മയോടും അനിയനോടുമൊക്കെ സംസാരിച്ചു. തനിക്കുവേണ്ടി അവള്‍ പ്രാര്‍ഥിക്കുകയും ധൈര്യം നല്‍കുകയും ചെയ്തു. വളരെ വിനയാന്വിതയായ വ്യക്തിയാണ് ജെമീമ. അവളെ എല്ലാവരില്‍നിന്നും മാറ്റിനിര്‍ത്തുന്ന ഘടകവും അതാണ്. അതിനാല്‍ത്തന്നെയാണ് ഭാവിയിലും ഇനിയും വലിയ നേട്ടങ്ങള്‍ ജെമീമയ്ക്ക് വരുമെന്ന് ഉറച്ചുവിശ്വസിക്കുന്നത്- കെസിയ പറഞ്ഞു.
ഇതേക്കുറിച്ച് കെസിയയുടെ പിതാവും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായ സബിന്‍ ഇഖ്ബാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ജെമിയെ യഥാര്‍ഥത്തില്‍ സവിശേഷമാക്കുന്നത് അവളുടെ സ്വഭാവമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സംസ്ഥാന അണ്ടര്‍-19 താരത്തിന്റെ വിഷമങ്ങള്‍ കേള്‍ക്കാന്‍ ഒരിന്ത്യന്‍ താരം വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ, വിളിച്ച് എല്ലാവരോടും സംസാരിച്ചു. അന്നുമുതല്‍ കെസിയയും ജെമീമയും തമ്മില്‍ ബന്ധപ്പെടാറുണ്ടെന്നും സബിന്‍ ഇഖ്ബാല്‍ കുറിച്ചു. വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചെറുമകൻ കൂടിയാണ് സബിൻ ഇഖ്ബാൽ.
തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ കെസിയ, ഇടംകൈ ബാറ്ററും ഓള്‍റൗണ്ടറുമാണ്. തിരുവനന്തപുരത്ത് കെസിഎയുടെ പരിശീലനം നേടിയ ശേഷം ബെംഗളൂരുവില്‍ രാഹുല്‍ ദ്രാവിഡ് അക്കാദമിയില്‍ ചേര്‍ന്നു. പിന്നീട് ചെന്നൈയില്‍ രവിശാസ്ത്രിയുടെ സ്‌കൂളിലും രാജസ്ഥാന്‍ റോയല്‍സ് അക്കാദമിയിലും പഠിച്ചു. അണ്ടര്‍-19 കേരള ടീമിലും കളിച്ചിട്ടുണ്ട്. തുടര്‍ന്ന് യുഎഇ ദേശീയ ടീമിലേക്ക് വിളിയെത്തുകയായിരുന്നു.
Content Highlights: Jemimah Rodrigues' Impact as a Source of Inspiration, Shared by Keziah Miriam Sabin
Published: 01 Nov 2025, 08:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented