
തെറ്റായ ഒരു ഫോൺ വിളി. അതാണ് ജലജ് സക്സേനയുടെയും കേരള ക്രിക്കറ്റിന്റെയും ചരിത്രം മാറ്റിമറിച്ചത്. 2015-16 സീസണിന്റെ തുടക്കം. ഇന്ത്യയുടെ മുൻ പേസ് ബൗളർ ടിനു യോഹന്നാൻ കേരള ബൗളിങ് പരിശീലകനായി ചുമതലയേൽക്കുന്നു. മുഖ്യപരിശീലകൻ പി. ബാലചന്ദ്രൻ. മറുനാടൻ ഓപ്പണിങ് ബാറ്റർക്കായി ഇരുവരും അന്വേഷണം തുടങ്ങി. അന്നത്തെ കെ.സി.എ. പ്രസിഡന്റ് ടി.സി. മാത്യു ടിനുവിന്റെ ഫോണിലേക്ക് ഒരു നമ്പർ അയച്ചു. പേര് വിനീത് സക്സേന. രാജസ്ഥാന്റെ ഓപ്പണറാണെന്നും വിളിച്ചാൽ വരുമെന്നും പറഞ്ഞു.
ടിനു അടുത്തദിവസം ആ നമ്പറിൽ വിളിച്ചു. ഡയൽചെയ്തത് മധ്യപ്രദേശ് താരം ജലജ് സക്സേനയ്ക്ക്. അബദ്ധം മനസ്സിലാക്കി ടിനു ഫോൺ കട്ട് ചെയ്യാനൊരുങ്ങിയപ്പോഴേക്കും അപ്പുറത്തുനിന്ന് സംസാരം തുടങ്ങിയിരുന്നു. ഇരുവരും മുൻപ് പരിചയമുള്ളതിനാൽ അതൊരു സൗഹൃദ സംഭാഷണമാക്കാമെന്ന് ടിനു കരുതി. ജലജ് ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്ന കാലം. അതുകൊണ്ടുതന്നെ കേരളടീമിലേക്കു വരുമെന്ന് കരുതിയതേയില്ല. ഫോൺവെക്കാൻ നേരം ടിനും കാര്യം പറഞ്ഞു. ‘‘ഞങ്ങളൊരു താരത്തെ നോക്കുകയാണ്. ജലജിന് താത്പര്യമുണ്ടെങ്കിൽ വരാം.’’ പ്രതീക്ഷിച്ച മറുപടിയായിരുന്നു ടിനുവിന് കിട്ടിയത്. ‘‘മധ്യപ്രദേശ് വിട്ട് ഞാൻ എവിടേക്കുമില്ല ടിനു ഭായ്’’.
ആ ചർച്ച അവിടെ അവസാനിച്ചു. പക്ഷേ, രണ്ടാഴ്ചയ്ക്കകം ജലജ് ടിനുവിനെ തിരിച്ചുവിളിച്ചു. ‘‘ആ ഓഫർ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ?’’ ‘‘ഉണ്ട്’’
എന്ന ടിനുവിന്റെ മറുപടിയിലൂടെ കേരള ക്രിക്കറ്റിലെ വലിയമാറ്റം തുടങ്ങുകയായിരുന്നു.
‘‘ഒരുവെടിക്ക് രണ്ടുപക്ഷി എന്നപോലെയായിരുന്നു ഞാൻ അപ്പോൾ. ഒരു ഓപ്പണറെ തേടിയ നമുക്ക് ക്വാളിറ്റി ഓൾറൗണ്ടറെ കിട്ടി. ആ വർഷം ജലജ് ഓപ്പണറായി ഇറങ്ങി’’ - ടിനു ആ സംഭവം ഓർത്തെടുത്തു.
ഇന്ന് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ സമാനതകളില്ലാത്ത താരമാണ് ജലജ് സക്സേന. രഞ്ജിയിൽ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തുമ്പോൾ കേരളം ഈ ഓൾറൗണ്ടറോട് ഏറെ കടപ്പെട്ടിരിക്കുന്നു.
പോരാളി
ജലജിന് 38 വയസ്സുണ്ട്. എന്നാൽ, കളത്തിൽ ഇപ്പോഴും ചെറുപ്പമാണ്. ഒരുദിവസം മുഴുവൻ ബാറ്റും ബൗളും ചെയ്യാൻ തയ്യാർ. ഒരു സെഷനിൽ ഇടവേളകളില്ലാതെ പന്തെറിയുന്നത് ഈ മത്സരത്തിൽ നാം കണ്ടു. ഈ സീസണിൽമാത്രം 1599 പന്തുകൾ എറിഞ്ഞു. 38 വിക്കറ്റും നേടി. 692 പന്തുകൾ നേരിട്ട് 338 റൺസും നേടി. സ്‌ട്രെങ്ത് ട്രെയിനിങ്, സ്പീഡ് വർക്ക്, സ്കിൽ ബേസ്ഡ് ട്രെയ്‌നിങ് അടക്കമുള്ളവയിലൂടെയാണ് ഫിറ്റ്‌നസ് നിലനിർത്തുന്നത്. ഒപ്പം നീന്തലുമുണ്ട്. ഭിലായ് സ്റ്റീൽ പ്ലാന്റിലെ ഉദ്യോഗസ്ഥാനായിരുന്ന ഘൻശ്യാം സക്സേനയാണ് അച്ഛൻ. അദ്ദേഹം നീന്തൽതാരവും പരിശീലകനുമായിരുന്നു. ചെറുപ്പത്തിൽ ജലജും അതേ പാതയിലായിരുന്നു.
മാറ്റം
ജലജ് എത്തിയശേഷം റിസൾട്ടിലും കാര്യമായ മാറ്റമുണ്ടായി. ആദ്യമായി കേരളം ക്വാർട്ടറിൽ എത്തിയപ്പോഴും സെമിയിലെത്തിയപ്പോഴും ഇപ്പോൾ ഫൈനലിന് യോഗ്യത നേടുമ്പോഴും ബാറ്റിങ്ങിലും ബൗളിങ്ങിലും ജലജിന്റെ വലിയ സംഭാവനയുണ്ട്.
Content Highlights: jalaj saxena- who has been with the team for ten years-reached Kerala through a wrong phone call
Published: 22 Feb 2025, 08:20 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented