ഗോൾ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ ഇന്ത്യക്ക് മികച്ച സ്കോർ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 460 റൺസെന്ന നിലയിലാണ് ഇന്ത്യ. കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയുമാണ് ക്രീസിൽ. ദേവ്ദത്ത് പടിക്കൽ 167 റൺസുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി. അർധസെഞ്ചുറി തികച്ച ധ്രുവ് ജുറെലും രണ്ടാം ദിനം തിളങ്ങി. മഴ മൂലം നാലരമണിക്കൂർ വൈകിയാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ആദ്യ സെഷനിലെ കളി പൂർണമായും മുടങ്ങി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഋഷഭ് പന്തിനെ നഷ്ടമായി. പന്ത് 39 റൺസെടുത്താണ് മടങ്ങിയത്. പന്ത് പുറത്തായതോടെ പരിക്കേറ്റ് ക്രീസ് വിട്ട രാഹുൽ തിരിച്ചെത്തി. എന്നാൽ രാഹുലിനും അധികനേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. അഞ്ചുറൺസ് മാത്രമാണ് താരത്തിന് കൂട്ടിച്ചേർക്കാനായത്. 82 റൺസാണ് രാഹുലിന്റെ സമ്പാദ്യം. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ പടിക്കലാണ് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. പിന്നാലെ പടിക്കൽ 150 റൺസ് തികച്ചു.
ഇന്ത്യയാകട്ടെ 350 റൺസ് പിന്നിടുകയും ചെയ്തു. എന്നാൽ പടിക്കലിനെ പുറത്താക്കി ലങ്ക തിരിച്ചടിച്ചു. 167 റൺസാണ് താരത്തിന്റെ സമ്പാദ്യം. ലങ്കൻ സ്പിന്നർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാവാതെ ഇന്ത്യൻ ബാറ്റർമാർ മടങ്ങി. വലിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താനുമായില്ല. 13 റൺസെടുത്ത ജഡേജയും എൽബിഡബ്യുവിൽ കുരുങ്ങി മടങ്ങിയതോടെ ഇന്ത്യ 377-6 എന്ന നിലയിലായി. ധ്രുവ് ജുറെലാണ് പിന്നീട് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. അർധസെഞ്ചുറിയുമായി തിളങ്ങിയ ജുറെൽ ഇന്ത്യയെ 430 കടത്തി. 51 റൺസിൽ താരം പുറത്തായി.
എട്ടാം വിക്കറ്റിൽ മാനവ് സുതാറിനൊപ്പം ചേർന്ന് മുഹമ്മദ് സിറാജ് ഇന്ത്യയെ മുന്നോട്ടുനയിച്ചു. നേരിട്ട നാലാം പന്തിൽ തന്നെ സിക്സറടിച്ചാണ് സിറാജ് ലങ്കൻ ബൗളർമാർക്ക് മറുപടി നൽകിയത്. എന്നാൽ സിറാജും(11) പിന്നാലെ മാനവ് സുതാറും(24) പുറത്തായി. കുൽദീപും പ്രസിദ്ധുമാണ് ക്രീസിൽ.
പടിക്കലിനൊപ്പം കെ.എൽ. രാഹുലുമാണ് ആദ്യദിനം ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. രാഹുൽ പരിക്കുമൂലം ക്രീസ് വിടുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ (32), ശുഭ്മൻ ഗിൽ (16) എന്നിവർ ആദ്യദിനം പുറത്തായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ജയ്‌സ്വാളും രാഹുലുമാണ് ഓപ്പൺചെയ്തത്. ഇരുവരും മികച്ചരീതിയിൽ മുന്നോട്ടുപോകുന്നതിനിടെ ജയ്‌സ്വാൾ ദൗർഭാഗ്യകരമായരീതിയിൽ റണ്ണൗട്ടാകുകയായിരുന്നു. 37 പന്ത് നേരിട്ട ജയ്‌സ്വാൾ അഞ്ചു ഫോർ നേടിയിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 47 റൺസാണുവന്നത്. തുടർന്ന് മൂന്നാം നമ്പറിൽ പടിക്കലെത്തി. ഇരു കർണാടക താരങ്ങളും ഉറച്ചുനിന്ന് പൊരുതിയതോടെ ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറയായി.
സ്‌കോർ 197 റൺസിലെത്തിയപ്പോളാണ് രാഹുൽ കൈക്കേറ്റ പരിക്കുമൂലം കളംവിട്ടത്. 127 പന്തിൽ അർധസെഞ്ചുറി തികച്ച രാഹുൽ മൊത്തം 162 പന്ത് നേരിട്ടിരുന്നു. രണ്ടാം വിക്കറ്റിൽ 150 റൺസാണ് വന്നത്. സായ് സുദർശന് പരിക്കേറ്റതുമൂലം വൺഡൗണായി ഇറങ്ങിയ പടിക്കൽ ആധികാരികമായാണ് ബാറ്റുവീശിയത്. രാഹുലിന് പകരമെത്തിയ ഗില്ലിനൊപ്പവും പിന്നീട് പന്തിനൊപ്പവും ഇന്ത്യൻ ഇന്നിങ്‌സ് പടിക്കൽ മുന്നോട്ടുകൊണ്ടുപോയി.
Content Highlights: India vs Sri Lanka 1st Test Day 2 LIVE Updates
Published: 16 Aug 2026, 10:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented