രണ്ട് ടെസ്റ്റുകളിലായി നാല് ഇന്നിങ്സുകൾ. നേടിയത് 420 റൺസ്. മൂന്ന് സെഞ്ചുറികൾ. ഒരു അർധസെഞ്ചുറി. നേരിട്ടത് 722 പന്തുകൾ. ക്രീസിൽ ചെലവഴിച്ചത് 1139 മിനിറ്റ്. ശ്രീലങ്കൻ ടീമിനെതിരേ അനായാസം ടെസ്റ്റ് പരമ്പര തൂത്തുവാരാമെന്ന് കരുതിയെത്തിയ ടീം ഇന്ത്യയ്ക്കു മുന്നിൽ നെഞ്ചുവിരിച്ച് ഒരു 25-കാരൻ അങ്ങനെ നിന്നു. സോണൽ ദിനുഷ. ഗോളിൽ 100, 84. കൊളംബോയിൽ 103, 133*. ഈ നാല് ഇന്നിങ്‌സുകൾ ഇന്ത്യൻ ടീമിന്റെയും ബൗളിങ് യൂണിറ്റിന്റെയും ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു.

To advertise here,

കൊളംബോ ടെസ്റ്റിൽ അഞ്ചാം ദിനം ഇന്ത്യയ്ക്കും വിജയത്തിനുമിടയ്ക്ക് ഉണ്ടായിരുന്നത് നാലു വിക്കറ്റുകളുടെ ദൂരം മാത്രമായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഒമ്പതിന് 503 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ ലങ്കയെ 290 പുറത്താക്കി ഫോളോ ഓൺ ചെയ്യിക്കുകയായിരുന്നു. ഇന്നിങ്‌സ് വിജയം സ്വപ്‌നം കണ്ടാകാം അത്തരമൊരു തീരുമാനം ടീം എടുത്തിരിക്കുക. തുടക്കത്തിൽതന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഇന്നിങ്‌സ് വിജയത്തിന്റെ സാധ്യതകളും വർധിപ്പിച്ചു. എന്നാൽ, അവിടെയാണ് സോണൽ ദിനുഷ നെഞ്ചും വിരിച്ച് നിന്നത്.

ഒരു സെഷൻ മാത്രമല്ല, ഒരു ദിവസം മുഴുവൻ, വാലറ്റക്കാരെ കൂട്ടുപിടിച്ച് ദിനുഷ ഇന്ത്യയുടെ വിജയം തടഞ്ഞു. അഞ്ചാം ദിനം അവസാന സെഷന്റെ ആദ്യ പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത് സെഞ്ചുറി പൂർത്തിയാക്കിയ ദിനുഷ അവസാനം 264 പന്തിൽ 133 റൺസുമായി പുറത്താകാതെ നിന്നു. ലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തു നിൽക്കെ കൈകൊടുത്ത് പിരിയാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിക്കുകയായിരുന്നു.

പരമ്പരയിൽ ദിനുഷ നേടിയ 420 റൺസെന്നത് വെറുമൊരു സംഖ്യ മാത്രമെന്ന നിലയിൽ കണക്കിലെടുത്താൽ അയാളുടെ പ്രകടനത്തിന്റെ വ്യാപ്തി മനസിലാകില്ല. ഇന്ത്യക്കെതിരായ നാല് ഇന്നിങ്സുകളിൽ അദ്ദേഹം ക്രീസിലെത്തുമ്പോൾ ശ്രീലങ്കയുടെ സ്‌കോർ യഥാക്രമം 90/4, 47/4, 122/4, 209/4 എന്നിങ്ങനെയായിരുന്നു. ഓരോ തവണയും മധ്യനിരയുടെ തകർച്ചയ്ക്ക് ശേഷമാണ് ക്രീസിലേക്കുള്ള ദിനുഷയുടെ വരവ്. ഓരോ തവണയും ബാറ്റിങ് തകർച്ചയെ അതിജീവിക്കേണ്ട ഉത്തരവാദിത്തം ദിനുഷയിലായിരുന്നു.

ഗോളിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 462 റൺസ് നേടിയതിന് മറുപടിയായി ശ്രീലങ്ക പ്രതിസന്ധിയിലായപ്പോൾ ദിനുഷ 168 പന്തിൽ 100 നേടി. നാല് ഫോറുകളും രണ്ട് സിക്സറുകളും അടങ്ങിയ ഇന്നിങ്സ്. താരത്തിന്റെ കന്നി സെഞ്ചുറി കൂടിയായിരുന്നു ഇത്. ലങ്കൻ സ്‌കോർ അതോടെ 284 റൺസിലെത്തി. രണ്ടാം ഇന്നിങ്സിൽ വീണ്ടും തകർച്ചയ്ക്കിടയിൽ 128 പന്തിൽ നേടിയെടുത്ത 84 റൺസ്. മത്സരം ഇന്ത്യ 165 റൺസിന് ജയിച്ചെങ്കിലും ശ്രീലങ്കയുടെ രണ്ട് ഇന്നിങ്സുകളിലും ഏറ്റവും വലിയ പ്രതിരോധം ദിനുഷയുടേതായിരുന്നു.

കൊളംബോയിലും കഥ മാറിയില്ല. ഇന്ത്യയുടെ 503 റൺസിന് മറുപടിയായി ലങ്ക നാലിന് 122 റൺസിൽ നിൽക്കെയാണ് ദിനുഷ ക്രീസിലെത്തുന്നത്. 162 പന്തിൽ നിന്ന് നേടിയത് 103 റൺസ്. ശ്രീലങ്കയ്ക്ക് ഫോളോ ഓൺ ഒഴിവാക്കാനായില്ലെങ്കിലും ദിനുഷ തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയിലെത്തി. പിന്നാലെ വന്നത് കരിയറിന്റെ ഇതുവരെയുള്ള ഏറ്റവും വിലപ്പെട്ട ഇന്നിങ്സ്. പരമ്പരയിലെ നാല് ഇന്നിങ്‌സുകളിലും 50 കടന്ന ദിനുഷ, മൂന്ന് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും നേടി.

2000 ഡിസംബർ നാലിന് കൊളംബോയിലാണ് ഗമഗെ സോണൽ ദിനുഷയുടെ ജനനം. ഇടംകൈയൻ ബാറ്ററും സ്ലോ ലെഫ്റ്റ്-ആം ഓർത്തഡോക്‌സ് ബൗളറുമാണ്. ശ്രീലങ്കൻ ക്രിക്കറ്റിന്റെ ശക്തമായ സ്‌കൂൾ സംവിധാനത്തിലൂടെയാണ് താരത്തിന്റെ വരവ്.

12-ാം വയസു മുതൽ ദിനുഷയ്‌ക്കൊപ്പമുള്ള കോച്ചാണ് സോണൽ ദുൽഷൻ എൽവലഗെ. ദിനുഷയുടെ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം ക്രിക്കറ്റ് സ്വപ്നം എളുപ്പത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ അനുയോജ്യമായിരുന്നില്ലെന്ന് ദുൽഷൻ ഓർക്കുന്നു. പരിശീലകരും സുഹൃത്തുക്കളുമാണ് പല ഘട്ടങ്ങളിലും അവന് പിന്തുണ നൽകിയത്.

2020 ഫെബ്രുവരിയിൽ മഹാനാമ കോളേജിനായി റിച്ച്മണ്ട് കോളേജിനെതിരായ അണ്ടർ-19 ഡിവിഷൻ വൺ മത്സരമാണ് ദുൽഷന്റെ ഓർമകളിൽ ഇന്നുമുള്ളത്. മഹാനാമ കോളേജ് മൂന്നിന് 20 റൺസെന്ന നിലയിൽ പതറുമ്പോഴാണ് അന്ന് 19-കാരൻ ദിനുഷ ക്രീസിലെത്തുന്നത്. 227 പന്തുകളിൽ നിന്ന് അന്ന് നേടിയത് 159 റൺസ് നോട്ടൗട്ട്. 15 ഫോറുകളും നാല് സിക്‌സും അടങ്ങിയ ഇന്നിങ്‌സ്. അവിടംകൊണ്ടും തീർന്നില്ല. അന്ന് അവസാന ബാറ്റർക്കൊപ്പം സ്ട്രൈക്ക് നിയന്ത്രിച്ച് ഇന്നിങ്സ് മുഴുവൻ ബാറ്റ് ചെയ്യുകയും ചെയ്തു ദിനുഷ. ഇന്ത്യക്കെതിരേ വാലറ്റത്തെ കൂട്ടുപിടിച്ച് മണിക്കൂറുകളോളം ക്രീസിൽ നിന്ന ദിനുഷയുടെ തുടക്കം ശരിക്കും അവിടെ നിന്നായിരുന്നു.

പിന്നാലെ 2018 നവംബറിൽ, പതിനെട്ടാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് കൊളംബോ ക്രിക്കറ്റ് ക്ലബ്ബിനായി ദിനുഷയുടെ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം. എതിരാളികളാകട്ടെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ്ബും. ധമ്മിക പ്രസാദ്, നുവാൻ പ്രദീപ്, സചിത്ര സേനനായകെ തുടങ്ങിയ പരിചയസമ്പന്നർ ഉൾപ്പെടുന്നതായിരുന്നു സിംഹളീസ് സ്‌പോർട്‌സ് ക്ലബ്ബ് ടീം. ടീമിനായി അന്ന് പതിവ് ആറാം നമ്പറിനു പകരം മൂന്നാം നമ്പറിലാണ് ദിനുഷ ഇറങ്ങിയത്. അർധ സെഞ്ചുറിയും നേടി. 2019-ൽ ലിസ്റ്റ് എ ക്രിക്കറ്റിലും 2021-ൽ ടി20-യിലും അരങ്ങേറി. ഇതിനിടെ 2020-ലെ അണ്ടർ-19 ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിലും ഇടംകിട്ടി. ആ ലോകകപ്പിൽ ന്യൂസിലൻഡിനെതിരേ 46 റൺസും പാകിസ്താനെതിരായ സന്നാഹ മത്സരത്തിൽ 68 റൺസും നേടി. ആ ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ദിനുഷ 16 റൺസെടുത്ത് പുറത്തായിരുന്നു. യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറേൽ, രവി ബിഷ്ണോയ്, തിലക് വർമ എന്നിവർ അന്നത്തെ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു.

2024 ആണ് ദിനുഷയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ വർഷം. അഫ്ഗാനിസ്ഥാൻ എ ടീമിനെതിരായ അരങ്ങേറ്റ മത്സരത്തിൽ ശ്രീലങ്ക എ ടീമിനായി അടിച്ചെടുത്തത് 126* റൺസ്. പിന്നീട് പാകിസ്താൻ ടീമിനെതിരായ രണ്ട് ചതുർദിന മത്സരങ്ങളിൽ നാല് ഇന്നിങ്‌സുകളിൽ നിന്നായി നേടിയത് 293 റൺസ്. 146.50 ആയിരുന്നു ബാറ്റിങ് ശരാശരി. രണ്ടാം മത്സരത്തിൽ 85*, 116 എന്നിങ്ങനെ സ്‌കോർ ചെയ്ത് കളിയിലെ താരവുമായി.

ഈ പ്രകടനങ്ങൾ ദേശീയ ടീമിലേക്കെത്തിച്ചു. 2025 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിൽ ആദ്യമായി ഇടം ലഭിച്ചു. കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ദേശീയ ടീമിന്റെ വാതിൽ താരത്തിനു മുന്നിൽ തുറന്നു. ഒടുവിൽ 2025 ജൂൺ 25-ന് കൊളംബോയിൽ ബംഗ്ലാദേശിനെതിരേ ടെസ്റ്റ് അരങ്ങേറ്റം.

തന്റെ പ്രശ്‌നം എന്താണെന്ന് കണ്ടെത്തി അതിനൊരു പരിശീലനരീതി രൂപപ്പെടുത്തുന്നതാണ് ദിനുഷയുടെ ഈ മികച്ച പ്രകടനങ്ങൾക്കു പിന്നിലെന്ന് പരിശീലകരുടെ പക്ഷം. 2025-ൽ ശ്രീലങ്ക എ ടീമിനൊപ്പം ഓസ്ട്രേലിയയിലെ ഡാർവിനിൽ കളിക്കുമ്പോൾ ഉയരമുള്ള പേസർമാരുടെ ഷോർട്ട് ബോളുകൾ ദിനുഷയെ ബുദ്ധിമുട്ടിച്ചു. സെഷന്റെ ഇടവേളയിൽ താരം പരിശീലകരുമായി സംസാരിച്ചു. അതിനനുസരിച്ച് ത്രോഡൗണുകൾ നേരിട്ടു. ഷോർട്ട് ബോളുകൾ കളിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കി. ഫലമോ? ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ 105* റൺസ്. അടുത്ത മത്സരത്തിൽ 88. പിന്നാലെ 2026-ൽ വെസ്റ്റിൻഡീസിനെതിരേ നടന്ന പരമ്പരയിലും തിളങ്ങി.

ഇന്ത്യൻ സ്പിന്നർമാരെ നേരിടുമ്പോൾ ദിനുഷയുടെ ഏറ്റവും വലിയ ആയുധം സ്വീപ് ഷോട്ടുകളായിരുന്നു. കൺവെൻഷണൽ സ്വീപ്, പാഡിൽ സ്വാപ്, സ്ലോഗ് സ്വീപ്, റിവേഴ്‌സ് സ്വീപ് തുടങ്ങി പന്തുകൾക്കനുസരിച്ച് സ്വീപ് ഷോട്ടുകൾ കളിച്ചു. ഫീൽഡ് മാറുമ്പോൾ ഷോട്ടിന്റെ ദിശയും മാറ്റി. ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റിൽ നിന്ന് 173 റൺസ് ദിനുഷ നേടിയത് സ്വീപ് ഷോട്ടുകളിലൂടെ മാത്രമായിരുന്നു. അതായത് ആകെ റൺസിന്റെ 40 ശതമാനത്തിലേറെ.

അത് ദിനുഷ ഇന്ത്യയ്‌ക്കെതിരേ തയ്യാറാക്കിയ പദ്ധതി മാത്രമായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ സ്വീപ് ഷോട്ടുകൾ കളിക്കാൻ ദിനുഷ പ്രത്യേക പരിശീലനം നടത്തുമായിരുന്നുവെന്ന് പരിശീലകൻ ദുൽഷൻ പറയുന്നു. പലപ്പോഴും രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഈ ഷോട്ട് കളിക്കാൻ മാത്രം ചെലവഴിക്കുമായിരുന്നു. ഇന്ത്യയ്‌ക്കെതിരേ ഏറ്റവും ഫലപ്രദമായ ആയുധം ഈ സ്വീപ് ഷോട്ടുകളായിരുന്നു.

ക്രീസിലെത്തുമ്പോൾ സ്‌കോർ എത്രയെന്നതിലല്ല, അവിടെനിന്ന് ടീമിന് എന്താണ് വേണ്ടതെന്ന് തിരിച്ചറിയുന്നതാണ് ദിനുഷയുടെ പ്രത്യേകത. ഗോളിൽ ടീമിന് ആവശ്യം റൺസായിരുന്നു. കൊളംബോയിൽ സമയവും.

ഒരിടത്ത് വേണ്ടിയിരുന്നത് ആക്രമണം, അടുത്ത ഇടത്ത് പ്രതിരോധം. രണ്ടിടത്തും ഒരേ ബാറ്റർ.