കൊച്ചി/മുംബൈ: ഐ.പി.എലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോനിയുടെ ഒരു പോസ്റ്റ് കഴിഞ്ഞദിവസം വൈറലായിരുന്നു. 'പുതിയ സീസണിനായും പുതിയ റോളിനായും കാത്തിരിക്കാന്‍ കഴിയുന്നില്ല' എന്നായിരുന്നു ധോനി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. ഇത് ആരാധകരെ വലിയതോതില്‍ ആകാംക്ഷാഭരിതരാക്കി. കളിക്കാരന്‍ എന്നതോടൊപ്പം ചെന്നൈയുടെ പരിശീലകനായും ധോനി എത്തുമോ എന്ന് പലരും സംശയിച്ചു. 

To advertise here,

അക്കാര്യത്തിലെ സസ്‌പെന്‍സ് തീര്‍ത്ത് ധോനിതന്നെ രംഗത്തെത്തിയിരിക്കുകയാണ്. ജിയോസിനിമയുടെ പരസ്യ ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തുന്നതാണ് ധോനിയുടെ പുതിയ റോള്‍. പരസ്യ വീഡിയോ ധോനിതന്നെ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചു. 

ധോനിയുടെ പുതിയ 'റോള്‍'

2024 ടാറ്റ ഐ.പി.എല്‍. സീസണിന് ആവേശം പകരാന്‍ പുതിയ ക്യാമ്പയിനുമായെത്തിരിക്കുകയാണ് ജിയോസിനിമ. മൂന്ന് പരസ്യ ചിത്രങ്ങളുള്ള ക്യാമ്പയിനിന്റെ ആദ്യ ചിത്രത്തില്‍ എം.എസ്. ധോനി ഇരട്ടവേഷത്തിലാണെത്തുന്നത്. ടാറ്റ ഐ.പി.എല്‍. ഡിജിറ്റലില്‍ കാണുന്നതിന്റെ ആവേശമാണ് മൂന്ന് പരസ്യചിത്രങ്ങളും. ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ തത്സമയ സ്പോര്‍ട്സ് കാണാന്‍ ഡിജിറ്റല്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്നു എന്ന ഉള്‍ക്കാഴ്ചയിലാണ് പുതിയ ക്യാമ്പയിന്‍. ജിയോ സിനിമയില്‍ ടാറ്റ ഐ.പി.എല്‍. കഴിഞ്ഞ സീസണില്‍ 449 മില്യണ്‍ എന്ന റെക്കോഡ് റീച്ച് നേടിയിരുന്നു. ടിവി, പത്രം, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും ക്യാമ്പയിന്‍ നടക്കും.

2024 മാര്‍ച്ച് 22-ന് എം.എസ്. ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ ജിയോ സിനിമയില്‍ ടാറ്റ ഐ.പി.എല്‍. 2024 ആരംഭിക്കും. 4കെ-യില്‍ 12 ഭാഷകളിലായി വരുന്ന ഏറ്റവും പുതിയ സീസണ്‍ ആദ്യമായി ഹരിയാന്‍വി ഭാഷയിലും സംപ്രേഷണം ചെയ്യും. കാഴ്ചക്കാര്‍ക്ക് സൗജന്യമായി കാണാന്‍ കഴിയുന്ന ഈ സീസണില്‍ ഹീറോ കാം ഉള്‍പ്പെടെയുള്ള മള്‍ട്ടി-ക്യാം ഒപ്ഷനുകളും ജീതോ ധന്‍ധനാ ധന്‍ ഉള്‍പ്പെടെ ഫീച്ചറുകളുമുണ്ട്.