
അഹമ്മദാബാദ്: ഐ.പി.എലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരേ 230 റൺസ് വിജയലക്ഷ്യമുയർത്തി ഗുജറാത്ത് ടൈറ്റൻസ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തു. ചെന്നൈയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഓപ്പണർമാരായ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് നഷ്ടമില്ലാതെ 62 റൺസാണ് ഇരുവരും അടിച്ചെടുത്തത്.
ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 125 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടുയർത്തി. 37 പന്തുകളിൽനിന്ന് 7 ഫോറും 3 സിക്‌സും സഹിതം 64 റൺസെടുത്ത ഗില്ലിനെ സ്‌പെൻസർ ജോൺസൺ പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്. തുടർന്നെത്തിയ ജോസ് ബട്‌ലറെ കൂട്ടുപിടിച്ച് സായ് സുദർശൻ സ്‌കോറിങ് വേഗം കൂട്ടി. 53 പന്തുകളിൽ നിന്ന് 84 റൺസെടുത്ത സായ് സുദർശനെ അൻഷുൽ കംബോജാണ് പുറത്താക്കിയത്. 7 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സുദർശന്റെ ഇന്നിങ്‌സ്.
ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തിൽ ജോസ് ബട്‌ലർ തകർത്തടിച്ചതോടെ ഗുജറാത്ത് സ്‌കോർ കുതിച്ചുയർന്നു. 27 പന്തുകളിൽനിന്ന് 4 സിക്‌സറുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ ബട്‌ലർ 57 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇടയ്ക്ക് രാഹുൽ തെവാതിയ റണ്ണൗട്ടായെങ്കിലും വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് ബട്‌ലർ ടീമിനെ 229 എന്ന വമ്പൻ സ്‌കോറിലെത്തിച്ചു. സുന്ദർ അവസാന പന്തിൽ പുറത്തായി. ചെന്നൈ ബൗളർമാരിൽ സ്‌പെൻസർ ജോൺസണും അൻഷുൽ കംബോജും മുകേഷ് ചൗധരിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Published: 21 May 2026, 09:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented