കൊളംബോ; വനിതാ ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ വില്ലനായെത്തി പ്രാണികള്‍. മത്സരത്തിനിടെ പ്രാണിശല്യം രൂക്ഷമായതോടെ കളി അല്‍പ്പനേരം തടസ്സപ്പെട്ടു. രണ്ട് തവണയാണ് പ്രാണികള്‍ മത്സരത്തിനിടെ വില്ലനായെത്തിയത്.

To advertise here,

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 28-ാം ഓവറിലാണ് സംഭവം. പ്രാണിശല്യം രൂക്ഷമായതോടെ പാക് താരം നഷ്‌റ സിന്ധു കയ്യിലുള്ള തൂവാല ഉപയോഗിച്ച് പ്രാണികളില്‍ നിന്ന് രക്ഷതേടി. പിന്നാലെ പാക് താരങ്ങള്‍ അമ്പയറുമായി സംസാരത്തിലേര്‍പ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന കാര്യം കമന്റേറ്റര്‍മാര്‍ക്കുപോലും മനസിലായില്ല. അല്‍പ്പനേരം കഴിഞ്ഞ് പാക് ടീമിലെ റിസര്‍വ് താരം കയ്യില്‍ ഒരു സ്‌പ്രേയുമായെത്തി. ശേഷം ക്യാപ്റ്റന്‍ ഫാത്തിമ സന മൈതാനത്താകെ സ്‌പ്രേ തളിച്ചു.

എന്നാല്‍ പ്രാണികള്‍ അങ്ങനെ പൂര്‍ണമായും മൈതാനം വിട്ടില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ വീണ്ടും താരങ്ങളെ ബുദ്ധിമുട്ടിച്ചു. അതോടെ എല്ലാ താരങ്ങളും മൈതാനം വിട്ടു. പിന്നാലെ ഗ്രൗണ്ട് സ്റ്റാഫെത്തി മരുന്ന് തളിച്ചതിന് ശേഷമാണ് കളി പുനരാരംഭിച്ചത്. 15 മിനിറ്റോളമാണ് കളി തടസ്സപ്പെട്ടത്.