ബുലാവായോ(സിംബാബ്‌വേ): അണ്ടർ-19 ലോകകപ്പിലെ സൂപ്പർ സിക്‌സ് മത്സരത്തിൽ സിംബാബ്‌വേയെ തകർത്തെറിഞ്ഞ് ഇന്ത്യ. 204 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 148 റൺസിന് പുറത്തായി.സെഞ്ചുറി നേടിയ വിഹാൻ മൽഹോത്രയാണ് ഇന്ത്യൻ ഇന്നിങ്‌സിൽ തിളങ്ങിയത്.

To advertise here,

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ബൗളർമാർ പ്രതിരോധത്തിലാക്കി. 24 റൺസിനിടെ ടീമിന് മൂന്നുവിക്കറ്റുകൾ നഷ്ടമായി. നതാനിയേൽ(0), ധ്രുവ് പട്ടേൽ(8), ബ്രാൻഡൻ സെൻസിയർ(3) എന്നിവർ വേഗം മടങ്ങി. നാലാം വിക്കറ്റിൽ കിയാൻ ബ്ലിഗ്നട്ടും ലീറോയ് ചിവൗലയും ചേർന്നുള്ള കൂട്ടുകെട്ടാണ് ടീമിനെ അൽപ്പമെങ്കിലും കരകയറ്റിയത്. കിയാൻ 37 റൺസെടുത്ത് പുറത്തായി.

പിന്നാലെ ചിമുഗോരോയുമായി ചേർന്ന് ലിറോയ് സ്‌കോർ നൂറുകടത്തി. ലീറോയ് അർധസെഞ്ചുറിയുമായി സിംബാബ്‌വേയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. എന്നാൽ 62 റൺസിൽ നിൽക്കേ താരത്തെ പുറത്താക്കി ഉദ്ധവ് മോഹൻ സിംബാബ് വേയെ കൂടുതൽ പ്രതിരോധത്തിലാക്കി. പിന്നീട് വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. ചിമുഗോരോ 29 റൺസെടുത്ത് പുറത്തായി. ഒടുക്കം 148 റൺസിന് സിംബാബ്‌വേ കൂടാരം കയറി. ഇന്ത്യക്കായി ഉദ്ധവ് മോഹനും ആയുഷ് മാത്രെയും മൂന്ന് വീതം വിക്കറ്റെടുത്തു.

നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യ അമ്പത് ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 352 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവംശി വെടിക്കെട്ട് നടത്തി. അതോടെ പവർപ്ലേയിൽ തന്നെ ടീം സ്‌കോർ കുതിച്ചു. ആരോൺ ജോർജ്(23), ആയുഷ് മാത്രെ(21) എന്നിവർക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. 11-ാം ഓവറിൽ സ്‌കോർ നൂറുകടന്നതിന് പിന്നാലെ വൈഭവ് പുറത്തായി. 30 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം മടങ്ങിയത്. നാലുവീതം ഫോറുകളും സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

പിന്നീടിറങ്ങിയ വേദാന്ത് ത്രിവേദി 15 റൺസെടുത്ത് പുറത്തായെങ്കിലും വിഹാൻ മൽഹോത്രയും അഭിഗ്യാൻ കുൺഡുവും ടീമിനെ കരകയറ്റി. ഇരുവരും അഞ്ചാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. സിംബാബ്‌വേ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ ഇരുന്നൂറ് കടത്തി. 113 റൺസിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. അഭിഗ്യാൻ കുൺഡു(61) അർധസെഞ്ചുറിയോടെ തിളങ്ങി.

വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചുനിന്ന വിഹാൻ മൽഹോത്രയാണ് ടീമിനെ മുന്നോട്ടുനയിച്ചത്. കനിഷ്‌ക് ചൗഹാൻ(3), ആർ.എസ്. അംബ്രിഷ്(21), ഖിലാൻ പട്ടേൽ(30) എന്നിവരും ചേർന്നതോടെ സ്‌കോർ മുന്നൂറ് കടന്നു. വിഹാൻ സെഞ്ചുറി തികച്ചതോടെ ടീം അമ്പത് ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 352 റൺസിലെത്തി. വിഹാൻ 107 പന്തിൽ നിന്ന് 109 റൺസെടുത്ത് പുറത്താവാതെ നിന്നു.