ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെയുള്ള ടീം ഇന്ത്യയുടെ പുറത്താകലിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മുന്‍ പാക് താരവുമായിരുന്ന റമീസ് രാജ. മികച്ചൊരു വിജയ മോഡല്‍ സൃഷ്ടിക്കാതെ ടീമില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് റമീസ് രാജ ചൂണ്ടിക്കാട്ടി.

To advertise here,

ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്താനെ തകര്‍ത്ത് തുടങ്ങിയ ഇന്ത്യ, ഹോങ് കോങ്ങിനെയും പരാജയപ്പെടുത്തിയാണ് സൂപ്പര്‍ ഫോറിലേക്ക് മുന്നേറിയത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെ ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു. അഫ്ഗാനെതിരായ മത്സരത്തിലെ മികച്ച വിജയം മാത്രമായിരുന്നു ടീമിന് ആശ്വസിക്കാനുണ്ടായിരുന്നത്.

ഏഷ്യാ കപ്പ് ഫൈനലിനെ കുറിച്ച് ന്യൂസ് 18-നോട് സംസാരിക്കുന്നതിനിടെ ഇന്ത്യയുടെയും പാകിസ്താന്റെയും ടീമുകളെ താരതമ്യം ചെയ്താണ് റമീസ് രാജ ഇക്കാര്യം പറഞ്ഞത്.

''നമ്മള്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ടീമുകളെ തമ്മില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ പാകിസ്താന്‍ എന്തുകൊണ്ടാണ് ഒരേ ടീം കോമ്പിനേഷന്‍ തന്നെ കളിപ്പിക്കുന്നതെന്ന് ആളുകള്‍ എന്നോട് ചോദിക്കുന്നു. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അവരെ മാറ്റും. എന്റെ പോയന്റ് എന്തെന്നാല്‍ നമ്മള്‍ ഒരു പ്രത്യേക സാഹചര്യം കൈകാര്യം ചെയ്യുകയും മത്സരങ്ങള്‍ ജയിക്കുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് ഞാന്‍ ആ വിജയ മോഡലില്‍ മാറ്റം വരുത്തുന്നത്. അത്തരമൊരു മോഡല്‍ സെറ്റ് ചെയ്യാന്‍ അനുവദിക്കാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അവര്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നു. അവര്‍ക്ക് കളിക്കാരുടെ വലിയ ഒരു കൂട്ടം തന്നെയുണ്ട് പരീക്ഷണം നടത്താന്‍. അത്തരമൊരു ബെഞ്ച് ശക്തി ഇല്ലെങ്കില്‍ നിങ്ങള്‍ പരീക്ഷണം നടത്തേണ്ട കാര്യമില്ല.'' - റമീസ് രാജ വ്യക്തമാക്കി.

പാകിസ്താനെതിരേ ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ അവര്‍ക്കെതിരേ സൂപ്പര്‍ ഫോര്‍ മത്സരം കളിക്കാന്‍ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.