ദുബായ്: ഏഷ്യാ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഇന്ന് ആദ്യപോരാട്ടം. ഗ്രൂപ്പ് എയിൽ താരതമ്യേന ദുർബലരായ തായ്ലൻഡാണ് ആദ്യത്തെ എതിരാളി. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടു മുതലാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തായ്‌ലൻഡ് ഹോങ് കോങ്ങിനെ ആറ് റൺസിന് പരാജയപ്പെടുത്തിയിരുന്നു. പാകിസ്താനാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യാ-പാക് പോരാട്ടം.

To advertise here,

ആദ്യകളിയിൽ ഉജ്ജ്വലജയത്തോടെ ആത്മവിശ്വാസം ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ലോകചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യയ്ക്ക് ഏഷ്യാകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. ടൂർണമെന്റിനുശേഷം ഏഷ്യൻ ഗെയിംസിലും ടീമിന് മത്സരിക്കേണ്ടതുണ്ട്. ഇതിലെ പ്രകടനം ഏഷ്യൻ ഗെയിംസിനുള്ള ഒരുക്കത്തിലെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന് ഉറപ്പ്.

എട്ടു ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. തായ്ലൻഡ്, ഹോങ് കോങ്, പാകിസ്താൻ ടീമുകൾക്കൊപ്പം ഇന്ത്യ ഗ്രൂപ്പ് എ-യിലാണ്.

ഇതുവരെ നടന്ന അഞ്ച് ഏഷ്യാ കപ്പുകളിൽ മൂന്നിലും കിരീടം നേടിയവരാണ് ഇന്ത്യ. എന്നാൽ, 2026 ഇന്ത്യയെ സംബന്ധിച്ചിടത്തോളം മോശപ്പെട്ട ഒരു വർഷമാണ്. ഈ വർഷം ഇതുവരെയായി നടന്ന പതിനാറ് ടിട്വന്റികളിൽ ഒൻപതിലും തോൽവിയായിരുന്നു ഫലം. ഇക്കഴിഞ്ഞ ടിട്വന്റി ലോകകപ്പിൽ ഗ്രൂപ്പ്ഘട്ടത്തിൽ തന്നെ പുറത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഉൾപ്പടെയുള്ള താരങ്ങളുടെ ഫോമിനെക്കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങൾക്കാണ് ഈ തോൽവികൾ വഴിവെച്ചത്. മിഡിൽ ഓർഡർ സ്ഥിരത പുലർത്താത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ജമൈമ റോഡ്രിഗസിന്റെ അഭാവവും ബാറ്റിങ്ങിൽ വലിയ പോരായ്മയാണ്. പ്രതിക റാവലാണ് ജമൈയ്ക്ക് പകരം ടീമിലെത്തിയത്. സ്മൃതി മന്ദാന, ഷഫാലി വർമ എന്നിവരിൽ ആരെങ്കിലും വീണാൽ പിന്നീട് മധ്യനിരയെ പിടിച്ചുനിർത്താൻ ഹർമൻപ്രീതിനും റിച്ച ഘോഷിനും ദീപ്തി ശർമയ്ക്കും നന്നായി തന്നെ പണിപ്പെടേണ്ടിവരും. ഇവരുടെ പ്രകടനത്തെ ആശ്രയിച്ചാവും ഇന്ത്യയുടെ കളിയുടെ ഭാവി നിലനിൽക്കുന്നത്.

ദീപതി ശർമ, രാധ യാദവ്, ശ്രീചരണി, പ്രേമ റാവത്ത്, രേണുക സിങ് താക്കൂർ എന്നിവർ നയിക്കുന്ന ബൗളിങ് തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ കരുത്ത്. എന്നാൽ, ഫീൽഡിങ് ഇന്ത്യയ്ക്ക് ആശങ്ക പകരുന്ന ഒരു ഘടകമാണ്.