ഗോൾ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സിൽ 178 റൺസ് ലീഡ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 462 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 284 റൺസിന് എല്ലാവരും പുറത്തായി. സ്പിൻ മികവിലാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ വിലപ്പെട്ട ലീഡ് നേടിയത്. മാനവ് സുതാർ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി. ശേഷിക്കുന്ന വിക്കറ്റുകൾ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ പങ്കിട്ടു.

To advertise here,

അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിൽ തകർച്ചയിലായിരുന്ന ശ്രീലങ്കയ്ക്കായി അൽപമെങ്കിലും ചെറുത്തുനിന്നത്് സോണലും ഡിക്ക്വെല്ലയുമാണ്. ഇരുവരും ആറാം വിക്കറ്റിൽ 146 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 115 പന്തിൽ 80 റൺസടിച്ച ഡിക്ക്‌വെല്ലയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 168 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതം സോണൽ സെഞ്ചുറി നേടി. ശ്രീലങ്കയുടെ ബാറ്റിങ്ങ് തുടക്കത്തിലേ തന്നെ പാളിയിരുന്നു. ഇന്നിങ്‌സിലെ ആദ്യ ഓവറിൽ സിറാജിന്റെ രണ്ടാം പന്തിൽ ഓപ്പണർ നിഷാൻ ഫെർണാണ്ടോ പൂജ്യത്തിന് മടങ്ങി. പിന്നാലെ ചാന്ദിമൽ നാലുറൺസ് മാത്രമെടുത്ത് പുറത്തായി. ഉദാരയാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. സ്‌കോർ അമ്പത് കടത്തിയെങ്കിലും പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ലങ്കയെ പ്രതിരോധത്തിലാക്കി. ഉദാര 27 റൺസെടുത്തും കാമിന്ദു മെൻഡിസ് 14 റൺസെടുത്തും മടങ്ങി. അതോടെ ടീം 59-4 എന്ന നിലയിലേക്ക് വീണു.

ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയാണ് പിന്നീട് ചെറുത്തുനിന്നത്. എന്നാൽ 21 റൺസ് മാത്രമാണ് ലങ്കൻ ക്യാപ്റ്റൻ നേടാനായത്. താരത്തെ പുറത്താക്കി ജഡേജ ലങ്കയെ പ്രതിരോധത്തിലാക്കി. അതോടെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലേക്ക് വീണു. എന്നാൽ സോണൽ ദിനുഷയും ഡിക്ക്വെല്ലയും ചേർന്ന് ടീമിനെ കരകയറ്റി. ഇന്ത്യൻ സ്പിന്നർമാരെ ഇരുവരും ശ്രദ്ധയോടെ നേരിട്ടു. ക്ഷമയോടെ കളിച്ച താരങ്ങൾ ആറാം വിക്കറ്റിൽ തകർപ്പൻ കൂട്ടുകെട്ടും പടുത്തുയർത്തി. ഇരുവരും അർധസെഞ്ചുറി തികച്ചതോടെ ലങ്ക മത്സരത്തിൽ തിരിച്ചെത്തി.

ആറാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പിറന്നതോടെ ഇന്ത്യ അൽപ്പം പ്രതിരോധത്തിലായി. ഇന്ത്യ ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും രണ്ടാം സെഷനിൽ വിക്കറ്റ് വീഴ്ത്താനായില്ല. എന്നാൽ മൂന്നാം സെഷനിൽ ഡിക്ക്വെല്ലയെ പുറത്താക്കി പ്രസിദ്ധ് ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു. പിന്നാലെ രണ്ട് റൺസെടുത്ത നുവാന്തയും ക്രീസ് വിട്ടു. അടുത്തത് പ്രഭാത് ജയസൂര്യ (10)യുടെ ഊഴമായിരുന്നു. മാനവ് സുതാറിനാണ് വിക്കറ്റ്. ഇതോടെ എട്ട് വിക്കറ്റിന് 274 റൺസ് എന്ന നിലയിലായി ലങ്ക. പിന്നാലെ സെഞ്ചുറി പൂർത്തിയാക്കി സോണലും മടങ്ങി. ലാഹിരു കുമാരയെ പത്ത് റൺസിന് മാനവും പുറത്താക്കി. അസിത ഫെർണാണ്ടോ മാത്രം ക്രീസിൽ അവശേഷിച്ചു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 462 റൺസിന് പുറത്തായിരുന്നു. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 460 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ട് റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ പ്രസിദ്ധ് കൃഷ്ണ പുറത്തായി. അതോടെ 462 റൺസിന് ഇന്ത്യയുടെ ഒന്നാമിന്നിങ്സ് അവസാനിച്ചു. മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. പടിക്കൽ 167 റൺസെടുത്ത് പുറത്തായി. കെ.എൽ. രാഹുലും ധ്രുവ് ജുറെലും അർധസെഞ്ചുറിയോടെ തിളങ്ങി. രാഹുൽ 82 റൺസെടുത്തപ്പോൾ ധ്രുവ് 51 റൺസെടുത്തു. ജയശസ്വി ജയ്സ്വാൾ 32 റൺസും മാനവ് സുതാർ 24 റൺസുമെടുത്ത് മടങ്ങി. ലങ്കൻ ബൗളർമാരിൽ നാലുവിക്കറ്റെടുത്ത് പ്രഭാത് ജയസൂര്യയും മൂന്ന് വിക്കറ്റുമായി കേശാര നുവാന്തയും തിളങ്ങി.