ഗുവാഹാട്ടി: മറ്റൊരു ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി മുന്നില്‍ കാണുകയാണ് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയോട് കൊല്‍ക്കത്ത ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ ഗുവാഹാട്ടിയില്‍ ഒരു തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റ് മൂന്നു ദിവസം പിന്നിടുമ്പോള്‍ ടീം ഇന്ത്യയ്ക്ക് പരാജയം ഒഴിവാക്കാനാകുമോ എന്നാണ് എല്ലാവരും ആകാംഷയോടെ നോക്കുന്നത്.

To advertise here,

ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ 489 റണ്‍സിനെതിരേ 201 റണ്‍സിന് പുറത്തായ ഇന്ത്യ 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിരുന്നു. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നിട്ടും രണ്ടാമത് ബാറ്റിങ്ങിനിറങ്ങാനായിരുന്നു പ്രോട്ടീസിന്റെ തീരുമാനം. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ അവരുടെ ലീഡ് 314 റണ്‍സായി. നാലാം ദിനം അതിവേഗം ലീഡ് 450 കടത്തി, ഇന്ത്യയെ ബാറ്റിങ്ങിനി വിടാനാകും പ്രോട്ടീസ് ശ്രമിക്കുക.

ഗുവാഹാട്ടി ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ ചരിത്ര നേട്ടമാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ കാത്തിരിക്കുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ മണ്ണില്‍ ഒന്നിലേറെ തവണ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ ടീമെന്ന നേട്ടമാണ് അവരെ കാത്തിരിക്കുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടിട്ടുള്ളത്. ഒന്ന് കഴിഞ്ഞ വര്‍ഷം ടോം ലാഥമിന്റെ നേതൃത്വത്തില്‍ ന്യൂസീലന്‍ഡ് നേടിയ 3-0ന്റെ വിജയമാണ്. രണ്ടില്‍ കൂടുതല്‍ ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത് അന്ന് ആദ്യമായിട്ടായിരുന്നു.

മറ്റൊന്ന് 1999-2000 സീസണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ. വാങ്കഡെയിലും ചിന്നസ്വാമിയിലും നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ തകര്‍ത്ത ഹാന്‍സി ക്രോണ്യയുടെ ടീം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യയെ 2-0ന് വൈറ്റ് വാഷ് ചെയ്യുകയായിരുന്നു. ആ നേട്ടം ആവര്‍ത്തിക്കാനുള്ള ചരിത്ര നിയോഗമാണ് ടെംബ ബവുമയുടെ സംഘത്തെ കാത്തിരിക്കുന്നത്. ഗുവാഹാട്ടിയില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ സന്ദര്‍ശക ടീമായി ദക്ഷിണാഫ്രിക്ക മാറും.

മാത്രമല്ല നാട്ടില്‍ രണ്ട് ടെസ്റ്റ് പരമ്പരകള്‍ വൈറ്റ് വാഷ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനെന്ന മോശം റെക്കോഡാണ് ഗൗതം ഗംഭീറിനെ കാത്തിരിക്കുന്നത്.