സെഞ്ചൂറിയന്‍: സെഞ്ചുറിയുമായി തിലക് വര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാംമത്സരത്തില്‍ 220 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. 56 പന്തുകളില്‍ 107 റണ്‍സെടുത്തു തിലക് വര്‍മ പുറത്താകാതെനിന്നു. 25 പന്തില്‍ 50 റണ്‍സ് എടുത്ത് അഭിഷേക് ശര്‍മ തിലകിന് മികച്ച പിന്തുണ നല്‍കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 219 റണ്‍സ് എടുത്തത്.

To advertise here,

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യില്‍ പൂജ്യത്തിനു പുറത്തായ സഞ്ജു ഈ മത്സരത്തിലും പൂജ്യത്തിന് പുറത്തായി. രണ്ട് പന്തുകള്‍ നേരിട്ട സഞ്ജുവിനെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കി. പിന്നാലെ ഒത്തുചേര്‍ന്ന അഭിഷേക് ശര്‍മയും തിലക് വര്‍മയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 8.1 ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 100-ല്‍ എത്തിച്ചു.  ഇതിനിടെ അര്‍ധ സെഞ്ചുറി തികച്ച അഭിഷേക് ശര്‍മ പുറത്തായി. 

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തുകയും ചെയ്തു. സിമെലെനിന്റെ പന്തില്‍ മാര്‍കോ യാന്‍സന്‍ ക്യാച്ചെടുത്താണ് സൂര്യയെ പുറത്താക്കിയത്. ഹാര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 18 റണ്‍സും റിങ്കു സിങ് 13 പന്തില്‍ 8 റണ്‍സും രമണ്‍ദ്വീപ് സിങ് ആറ് പന്തില്‍ 15 റണ്‍സും നേടി. രമണ്‍ദീപ് സിങ്ങിന്റെ അരങ്ങേറ്റ മത്സരമാണിത്. ഒരു പന്തില്‍ ഒരു റണ്ണുമായി അക്‌സര്‍ പട്ടേല്‍ പുറത്താകാതെ നിന്നു. 

ആദ്യമത്സരത്തില്‍ 61 റണ്‍സിന്റെ ആധികാരികജയത്തോടെ മേല്‍ക്കൈനേടിയ ഇന്ത്യ രണ്ടാംമത്സരത്തില്‍ മൂന്നുവിക്കറ്റിന് തോറ്റതോടെ പരമ്പര തുല്യശക്തികളുടെ പോരാട്ടമായിമാറിക്കഴിഞ്ഞു. ആദ്യമത്സരത്തില്‍ ഇന്ത്യ ജയിച്ചത് ബാറ്റിങ് കരുത്തിലായിരുന്നെങ്കില്‍ രണ്ടാംമത്സരത്തില്‍ തോറ്റത് ബാറ്റിങ്ങിലെ പോരായ്മകൊണ്ടാണ്.