പുണെ: ന്യൂസീലന്‍ഡിനെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തി. പുണെയിലും ശേഷം മുംബൈയിലും നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള ടീമിലാണ് സുന്ദറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു ടെസ്റ്റിനിടെ പരിക്കേറ്റ ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

To advertise here,

ഒക്ടോബര്‍ 24-നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ തമിഴ്‌നാടിനായി മൂന്നാം നമ്പറിലിറങ്ങി സുന്ദര്‍ സെഞ്ചുറി നേടിയിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷമാണ് താരം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്.

ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം മറ്റൊരു ഫിംഗര്‍ സ്പിന്നറെ കൂടി ആവശ്യമുണ്ടെന്ന് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സെലക്ടര്‍മാര്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. റിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് കൂടി ഉള്‍പ്പെടുന്ന ടീമിലാണ് ഇപ്പോള്‍ സുന്ദര്‍ കൂടി എത്തുന്നത്. ബാറ്റിങ്ങിന് ആഴം കൂട്ടാനും സ്പിന്‍ പിച്ചുകളിലെ സാഹചര്യം പരമാവധി മുതലെടുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. പരമ്പരയില്‍ ഇന്ത്യ പിന്നിലാണ് (0-1).

ഇന്ത്യയുടെ പുതുക്കിയ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍.