ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം നേടിയ പാകിസ്താൻ ടീമിന് ട്രോഫി സമ്മാനിക്കാനെത്തി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ മൊഹ്സിൻ നഖ്വി. എന്നാൽ ഫൈനലിനു ശേഷം നഖ്വിയെ ഇന്ത്യൻ അണ്ടർ 19 ടീം പാടെ അവഗണിച്ചു.
ഇന്ത്യ - പാക് ഫൈനൽ പുരോഗമിക്കുന്നതിനിടെയാണ് നഖ്വി ദുബായിലെത്തിയത്. പിന്നാലെ ഇന്ത്യയെ കീഴടക്കി കിരീടം നേടിയ പാക് ടീമിന് ട്രോഫി സമ്മാനിക്കുകയും തുടർന്ന് ടീമിനും സപ്പോർട്ട് സ്റ്റാഫിനുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. അതേസമയം നഖ്വിയുമായി വേദി പങ്കിടേണ്ടെന്ന് ഇന്ത്യൻ താരങ്ങൾ തീരുമാനിക്കുകയായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥനിൽ നിന്നാണ് ഇന്ത്യൻ ടീം മെഡലുകൾ സ്വീകരിച്ചത്.
നഖ്വിയാകട്ടെ പാക് ടീമിന് മെഡലുകൾ സമ്മാനിക്കുകയും ക്യാപ്റ്റൻ ഫർഹാൻ യൂസഫിന് ഏഷ്യാ കപ്പ് ട്രോഫി കൈമാറുകയും ചെയ്തു.
അതേസമയം ഇന്ത്യൻ സീനിയർ ടീം നേടിയ ഈ വർഷത്തെ ഏഷ്യാ കപ്പ് കിരീടം ഇതുവരെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ടീമിന് കൈമാറിയിട്ടില്ല. സെപ്റ്റംബർ 28-ന് നടന്ന ഫൈനലിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് സൂര്യകുമാർ യാദവിന്റെ ഇന്ത്യൻ സംഘം ഏഷ്യാ കപ്പ് കിരീടം നേടിയത്. എന്നാൽ ഇന്ത്യയെയും ഇന്ത്യൻ സൈന്യത്തെയും നിരന്തരം അപമാനിച്ച നഖ്വിയിൽ നിന്ന് ടീം ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. ഇക്കാര്യം നേരത്തേ തന്നെ എസിസിയെ അറിയിച്ചിരുന്നു. ഇതോടെ, കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാൽ ഇന്ത്യൻ ടീം പ്രതീകാത്മകമായി വിജയാഘോഷം നടത്തുകയും ചെയ്തു.
ആശയക്കുഴപ്പത്തിൽപ്പെട്ട് സമ്മാനവിതരണം ഒരു മണിക്കൂറോളം വൈകിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം അമിനുൾ ഇസ്ലാം ബുൾബുളും ദുബായ് ക്രിക്കറ്റ് ബോർഡ് തലവൻ ഖാലിദ് അൽ സരൂനിയും വേദിയിലുണ്ടായിരുന്നു. നഖ്വിയല്ലാതെ മറ്റാര് കിരീടം തന്നാലും സ്വീകരിക്കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ഇത് എസിസി അംഗീകരിച്ചില്ല. പാകിസ്താന് റണ്ണറപ്പിനുള്ള പുരസ്കാരവും മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങളും നൽകിയതോടെ ചടങ്ങ് അവസാനിച്ചതായി അറിയിച്ചു. ഇതിനുശേഷം നഖ്വിക്കൊപ്പംപോയ എസിസി ചടങ്ങുകളുടെ ചുമതലയുള്ളയാൾ ട്രോഫിയും കൊണ്ടുപോകുകയായിരുന്നു.
നഖ്വിയുടെ ഈ പ്രവൃത്തി എസിസി പെരുമാറ്റച്ചട്ടത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ രംഗത്തെത്തിയിരുന്നു. ഇംപീച്ച്മെന്റ് ഭീഷണിയും ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു.
Content Highlights: India U19 team snubbed PCB Chairman Mohsin Naqvi after winning U19 Asia Cup. See why the senior team also hasn`t received their Asia Cup trophy.
Published: 21 Dec 2025, 08:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented