
ഡർബൻ (ദക്ഷിണാഫ്രിക്ക): ഒരു ലോകകപ്പ് ഫൈനൽ തോൽവിയുടെ ആഘാതം മറയ്ക്കാനും മറ്റൊരു ലോകകപ്പിന് ഒരുങ്ങാനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യാത്ര ഇവിടെ തുടങ്ങുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ഞായറാഴ്ച രാത്രി 7.30 മുതൽ ഡർബനിൽ.
പുതിയ ടീം
ഈയിടെനടന്ന ഏകദിന ലോകകപ്പിൽ കളിച്ച ടീമിൽ അടിമുടി മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവരൊന്നും ടി 20 പരമ്പരയിൽ കളിക്കുന്നില്ല. സൂര്യകുമാർ യാദവ് നയിക്കുന്ന സംഘത്തിലേറെയും അത്ര പരിചയസമ്പന്നരല്ല. ഇതേ ടീം, കഴിഞ്ഞയാഴ്ച ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പര 4-1ന് ജയിച്ചിരുന്നു. അന്ന് ഓസ്ട്രേലിയൻ ടീമിലും അധികം സീനിയർ താരങ്ങളുണ്ടായിരുന്നില്ല.
മിഷൻ ടി 20 ലോകകപ്പ്
2024 ജൂണിൽ വെസ്റ്റ് ഇൻഡീസിലും യു.എസിലുമായി ടി 20 ലോകകപ്പ് നടക്കുന്നു. അതിനുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണ് ഈ പരമ്പര. മാർച്ചിൽ ഐ.പി.എൽ. തുടങ്ങും. അതിനിടെ അധികം ടി 20 മത്സരങ്ങൾ കളിക്കാനില്ല.
ലോകകപ്പിനുമുന്നോടിയായി ടീമിന്റെ സ്ഥിരം നായകനായി കരുതിയിരുന്ന ഹാർദിക് പാണ്ഡ്യ പരിക്കിലാണ്. രോഹിത്, കോലി തുടങ്ങിവർ ലോകകപ്പിലുണ്ടാകുമോ എന്നതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് സൂര്യകുമാറിനൊപ്പം ഒരു യുവസംഘം ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.
ലോകകപ്പ് ടീം എങ്ങനെയാണെങ്കിലും, വ്യക്തിപരമായ മികവുകാട്ടാൻ കിട്ടുന്ന അവസരം പരമാവധി മുതലാക്കാനാകും കളിക്കാരുടെ ശ്രമം.
ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ എന്നിവരാണ് ഓസീസിനെതിരായ പരമ്പരയിൽ ഓപ്പണറായിറങ്ങിയത്. മറ്റൊരു ഓപ്പണർ ഇഷാൻ കിഷൻ മൂന്നാമനായും തുടർന്ന് സൂര്യകുമാർ യാദവ്, റിങ്കു സിങ്, തിലക് വർമ എന്നിവരും ഇറങ്ങി. ശ്രേയസ് അയ്യർ തിരിച്ചെത്തിയതോടെ ഇഷാനുപകരം മൂന്നാംനമ്പറിൽ അദ്ദേഹം ഇറങ്ങി. ദക്ഷിണാഫ്രിക്കയിലും ഏറക്കുറെ ഇതേ ഘടനയാകുമെന്നു കരുതുന്നു. വിക്കറ്റ് കീപ്പർമാരായ ഇഷാൻ കിഷൻ, ജിതേഷ് ശർമ എന്നിവരുണ്ട്.
സ്പിന്നർമാരായി രവീന്ദ്ര ജഡജേ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ഒാൾറൗണ്ടർ വാഷിങ്ടൺ സുന്ദർ എന്നിവരും പേസർമാരായി മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ദീപക് ചഹാർ എന്നിവരും ടീമിലുണ്ട്.
എയ്ഡൻ മർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ. പരിചയസമ്പന്നരായ കാഗിസോ റബാഡ, ലുങ്കി എൻഗീഡി, ആൻറിച്ച് നോർദ്യെ എന്നിവർ പരമ്പരയിൽ കളിക്കുന്നില്ല.
Content Highlights: india south africa twenty20, durban
Published: 10 Dec 2023, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented