ക്യുബേറ (ദക്ഷിണാഫ്രിക്ക): ആദ്യമത്സരം മഴ കൊണ്ടുപോയി. ചൊവ്വാഴ്ച രണ്ടാംമത്സരത്തിനും മഴയുടെ ഭീഷണിയുണ്ട്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഒരുങ്ങുമ്പോൾ ഇരുടീമുകളുടെയും ആഗ്രഹം ഇതാണ്, മാനം കാക്കണം!

To advertise here,

ചൊവ്വാഴ്ച രാത്രി 8.30 മുതൽ ക്യുബേറയിലാണ് മത്സരം. നേരത്തേ പോർട്ട് എലിസബെത്ത് ആയിരുന്ന സ്ഥലത്തിന്റെ പേര് ക്യുബേറ എന്ന് മാറ്റുകയായിരുന്നു.

മിഷൻ ടി 20 ലോകകപ്പ്

2024 ജൂണിൽ വെസ്റ്റ് ഇൻഡീസിലും യു.എസിലുമായി ടി 20 ലോകകപ്പ് നടക്കുന്നു. അതിനുമുന്നോടിയായി ഇന്ത്യ കളിക്കുന്ന രണ്ടു പരമ്പരകളിലൊന്നാണിത്. ജനുവരിൽ അഫ്ഗാനിസ്താനെതിരേയാണ് അടുത്തപരമ്പര. തുടർന്ന് െഎ.പി.എൽ. മത്സരങ്ങളുമുണ്ട്. ലോകകപ്പിനുമുമ്പുള്ള ആറ് കളികളിലൊന്ന് മഴ കൊണ്ടുപോയി. ചൊവ്വാഴ്ചയും മഴയുണ്ടെങ്കിൽ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ ബാധിക്കും. ഈയിടെ ഏകദിന ലോകകപ്പിൽ കളിച്ച ടീമിൽ അടിമുടി മാറ്റവുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയത്. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, കെ.എൽ. രാഹുൽ, ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവർ ടി 20 പരമ്പരയിൽ കളിക്കുന്നില്ല. ടി 20 ടീമിന്റെ സ്ഥിരം നായകനായി കരുതിയിരുന്ന ഹാർദിക് പാണ്ഡ്യ പരിക്കിലാണ്. പകരം, സൂര്യകുമാർ യാദവിന്റെ നായകത്വത്തിൽ ഒരു യുവസംഘം ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.

വ്യക്തിപരമായ മികവുകാട്ടാൻ കിട്ടുന്ന അവസരം പരമാവധി മുതലാക്കാനാകും യുവതാരങ്ങളുടെ ശ്രമം.

ഋതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ തുടങ്ങിയ ബാറ്റർമാരും രവി ബിഷ്‌ണോയ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ തുടങ്ങിയ ബൗളർമാരും കഴിവുതെളിയിക്കാൻ കാത്തിരിക്കുന്നു.

എയ്ഡൻ മർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ. പരിചയസമ്പന്നരായ കാഗിസോ റബാഡ, ലുങ്കി എൻഗീഡി, ആൻറിച്ച് നോർദ്യെ എന്നിവർ ടി 20 പരമ്പരയിൽ കളിക്കുന്നില്ല.