ഇങ്ങനെയുണ്ടോ ഒരു ടെസ്റ്റ്! ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കാണാത്ത ചില ഏടുകളാണ് കേപ്ടൗണ്‍ നമുക്കുമുന്‍പില്‍ വരച്ചിടുന്നത്. ന്യൂലന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് ഇനിയെന്തൊക്കെ കാത്തുവെച്ചിട്ടുണ്ടെന്ന് നാളെയറിയാം. ബാറ്റര്‍മാരെ മാത്രമല്ല, കാണുന്ന പ്രേക്ഷകരെപ്പോലും ഷോക്കടിപ്പിക്കുന്ന പിച്ചാണ് ദക്ഷിണാഫ്രിക്ക ഒരുക്കിയതെന്നറിയുന്നതില്‍ അദ്ഭുതം.
പിച്ച് ആദ്യം പണികൊടുത്തത് പ്രോട്ടീസിനു തന്നെയാണ്. ക്രീസില്‍ താണ്ഡവമാടാമെന്ന് പ്രതീക്ഷിച്ചാണ് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തത്. താണ്ഡവമാടല്‍ പോയിട്ട് പന്ത് തൊടാന്‍ പോലും കഴിയാതെ പ്രോട്ടീസ് ബാറ്റര്‍മാര്‍ പലപ്പോഴും പാടുപെട്ടു. അഞ്ചില്‍ ഒന്ന്, എട്ടില്‍ രണ്ട്, 11-ല്‍ മൂന്ന്, 15-ല്‍ നാല് എന്നിങ്ങനെ ഓരോരുത്തരും പന്ത് തൊട്ടുനോക്കി മടങ്ങിക്കൊണ്ടിരുന്നു. ഒടുക്കം സ്‌കോര്‍ 55 ആയപ്പോഴേക്ക് ദക്ഷിണാഫ്രിക്കയുടെ പത്ത് ബാറ്റര്‍മാരും പവലിയനില്‍ തിരിച്ചെത്തി.
ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജിന്റെ ഇന്ദ്രജാലത്തിന് മുന്നിലാണ് ദക്ഷിണാഫ്രിക്ക പെട്ടുപോയത്. ടീമിന്റെ സുപ്രധാന ബാറ്റര്‍മാരെയെല്ലാം മടക്കിയയച്ചത് സിറാജാണ്. പ്രോട്ടീസ് നിരയില്‍ ആറുപേര്‍ക്ക് സിറാജിന്റെ ഇരയാവേണ്ടിവന്നു. രണ്ടുപേരെ വീതം മുകേഷ് കുമാറും ബുംറയും മടക്കി. രണ്ടാം ടെസ്റ്റിലെ പ്രധാനപ്പെട്ട അടയാളപ്പെടുത്തല്‍ അവിടെ കഴിഞ്ഞു എന്ന് വിചാരിക്കുമ്പോഴാണ് അടുത്ത ക്ലൈമാക്‌സ്.
ഏതാണ്ട് ഒരു സിനിമ കാണുന്നതുപോലെയുള്ള അനുഭവം തരും ഈ ടെസ്റ്റ് നമുക്ക്. ഒന്നാംപകുതി ഉജ്ജ്വലം, രണ്ടാംപകുതി അതിലും കിടിലം എന്നു പറയാവുന്ന വിധത്തിലായിരുന്നു ആദ്യദിവസത്തെ ആകെക്കളി. ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പൂജ്യത്തിന് മടങ്ങിയതൊഴിച്ചാല്‍ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.
രോഹിത് ശര്‍മ ഏതാണ്ട് ട്വന്റി20 കളിക്കുന്ന പോലെയാണ് ടെസ്റ്റ് കളിച്ചത്. ഏഴ് ഫോറുകള്‍ നേടി 39 റണ്‍സെടുത്തു. അവസാന പന്തുകളിലാണ് രോഹിത് അല്‍പം ക്ഷമിച്ച് കളിച്ചത്. ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ഏറക്കുറെ നിലയുറപ്പിച്ച് കളിച്ചതോടെ ഇന്ത്യ കുറഞ്ഞത് മുന്നൂറിനടുത്തെങ്കിലും നേടുമെന്ന് വിചാരിച്ചതാണ്.
പക്ഷേ, ഇപ്പറഞ്ഞവരെല്ലാം പോയതില്‍പിന്നെ വിക്കറ്റിന്റെ മാലപ്പടക്കത്തിനാണ് സാക്ഷിയായത്. ദക്ഷിണാഫ്രിക്കന്‍ നിരയുടെ പുറത്താകലിനെ മാലപ്പടക്കം എന്ന് വിശേഷിപ്പിക്കാനാണ് ആദ്യം കരുതിയിരുന്നത്. പക്ഷേ, അതിലും വലിയ മാലപ്പടക്കം ഇന്ത്യന്‍ നിരയില്‍നിന്നുതന്നെ കണ്ടതിനാല്‍ അത് വേണ്ടെന്നുവെച്ചു.
നന്നായി ബാറ്റുചെയ്തുകൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ടാകുന്നത് എന്തു കഷ്ടമാണ് എന്ന രാഹുല്‍ ദ്രാവിഡിന്റെ പരസ്യമില്ലേ. അതിനെ അനുസ്മരിപ്പിക്കും ഇന്ത്യയുടെ അവസാനത്തെ ആറ് വിക്കറ്റുകള്‍. ദക്ഷിണാഫ്രിക്ക ഒരുക്കിയ ഏറ്റവും വലിയ ക്ലൈമാക്‌സായിരുന്നു അത്. 153-ല്‍ നാല് എന്ന നിലയിലായിരുന്നു ഇന്ത്യ. പിച്ച് പരിഗണിച്ചാല്‍ ഏതാണ്ട് ഭേദപ്പെട്ട നിലയില്‍ എന്നുതന്നെ പറയാം.
അത് പിന്നീട് 153-ല്‍ പത്തായാലോ. പിച്ചിനെ മാത്രം പഴിച്ചാല്‍ മതിയോ. ഇന്ത്യന്‍ ബാറ്റര്‍മാരുടെ അങ്ങേയറ്റത്തെ നിരുത്തരവാദിത്വം കൂടിയുണ്ട് അതിനു പിന്നില്‍. രോഹിത് പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്നതുപോലെ കളിച്ച അതേ പിച്ചില്‍ തന്നെയാണ് ഇന്ത്യന്‍ നിരയിലെ ആറുപേര്‍ പൂജ്യത്തിന് മടങ്ങിയതും.
ലുങ്കി എന്‍ഗിഡിയുടെ 34-ാം ഓവറാണ് കളിയുടെ പ്രവചന സ്വഭാവം മാറ്റിയത്. ഓവറിലെ ഒന്നിടവിട്ട പന്തുകളില്‍ ഓരോരുത്തരായി മടങ്ങി. ആദ്യ പന്തില്‍ കെ.എല്‍. രാഹുല്‍, മൂന്നാംപന്തില്‍ രവീന്ദ്ര ജഡേജ, അഞ്ചാംപന്തില്‍ ജസ്പ്രീതം ബുംറ. അന്നേരത്തെ എങ്കിടിയുടെ ഓവറിനെ ഇങ്ങനെയാണ് കാണിച്ചിരുന്നത് W 0 W 0 W 0. ഇത് ഇംഗ്ലീഷില്‍ വായിച്ചാല്‍ വൗ (WOW) എന്ന പോലെ തോന്നും. അതുതന്നെയായിരുന്നു സംഭവിച്ചതും.
അടുത്തതായി എത്തിയ റബാദയുടെ ഓവറിലും മൂന്നു വിക്കറ്റുകള്‍ കണ്ടു. രണ്ടാം പന്തില്‍ കോലി, നാലാം പന്തില്‍ സിറാജ് റണ്ണൗട്ട്, അഞ്ചാം പന്തില്‍ പ്രസിദ്ധ് കൃഷ്ണ...ഇതോടെ നാലാംവിക്കറ്റിലെ 153 എന്ന സ്‌കോറില്‍തന്നെ പത്താംവിക്കറ്റും കളഞ്ഞ് ഇന്ത്യ മറ്റൊരു നാണക്കേടിന്റെ ചരിത്രം സൃഷ്ടിച്ചു. ഒരു റണ്‍ പോലും ചേര്‍ക്കാതെ ആറ് വിക്കറ്റുകള്‍ വീഴുന്നത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമാണ്. 1965-ല്‍ ഒരു റണ്‍ ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ന്യൂസീലന്‍ഡിന്റെ ചരിത്രമാണ് ഇന്ത്യ പഴങ്കഥയാക്കിയത്. ഒരു റണ്‍ പോലുമെടുക്കാതെ അഞ്ച് വിക്കറ്റുകള്‍ വീണ ചരിത്രം അഞ്ചുതവണയുണ്ടായിട്ടുണ്ട്.
11 പന്തുകള്‍ക്കിടെയായിരുന്നു ഈ ആറ് വിക്കറ്റുകള്‍ എന്നതും കൗതുകമുണര്‍ത്തുന്നു. ഇന്ത്യപോലൊരു പേരുകേട്ട ബാറ്റിങ്‌നിര ഈ വിധത്തില്‍ തകര്‍ന്നടിയുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിക്കാന്‍ കഴിയാത്തതാണ്. പക്ഷേ, സംഭവിച്ചു. ആറുപേരാണ് ഇന്ത്യന്‍ നിരയില്‍നിന്ന് പൂജ്യത്തിന് മടങ്ങിയത്. യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പൂജ്യത്തിന് മടങ്ങിയ ആറുപേര്‍.
ഇന്ത്യക്ക് ഇത് രണ്ടാമത്തെ അനുഭവമാണ്. 2014-ല്‍ മാഞ്ചെസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ ആറുപേര്‍ പൂജ്യത്തിന് പുറത്തായിരുന്നു. ലോക ക്രിക്കറ്റില്‍ ഇത് എട്ടാംതവണയുമാണ്. ആറുപേര്‍ പൂജ്യത്തിനു പുറത്തായ മറ്റു മത്സരങ്ങള്‍: (വെസ്റ്റിന്‍ഡീസിനെതിരേ പാകിസ്താന്‍ - 1980, ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക - 1996, വെസ്റ്റ് ഇന്‍ഡീസിനെതിരേ ബംഗ്ലാദേശ് - 2002, ഇംഗ്ലണ്ടിനെതിരേ ഇന്ത്യ - 2014, പാകിസ്താനെതിരേ ന്യൂസീലന്‍ഡ് - 2018, ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശ് - 2022, വെസ്റ്റ് ഇന്‍ഡീസിനെതിരേ ബംഗ്ലാദേശ് - 2022, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ - 2023).
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുദിവസം 23 വിക്കറ്റുകള്‍ വീണു എന്ന പ്രത്യേകതയും ഈ ടെസ്റ്റിനുണ്ട്. ക്രിക്കറ്റിന്റെ നൂറ് വര്‍ഷത്തെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഒന്നാംദിവസം തന്നെ രണ്ടാം ഇന്നിങ്‌സ് തുടങ്ങുക, ഒരുദിവസം തന്നെ ബാറ്റര്‍മാര്‍ക്ക് രണ്ടുതവണ ബാറ്റുചെയ്യാന്‍ അവസരം ലഭിക്കുക. അങ്ങനെ തുടങ്ങി സംഭവബഹുലമായ ഒരു ടെസ്റ്റ്.
തീര്‍ച്ചയായും മറ്റൊന്നിന്റെ പേരില്‍ക്കൂടി ഈ ടെസ്റ്റ് അനുസ്മരിക്കപ്പെടും. ഡീന്‍ എല്‍ഗര്‍ എന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററുടെ വിടവാങ്ങല്‍ മത്സരമാണിത്. ടെസ്റ്റിലെ ക്യാപ്റ്റനും എല്‍ഗര്‍ തന്നെ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് അദ്ദേഹമായിരുന്നു. മുഹമ്മദ് സിറാജ് ഡീന്‍ എല്‍ഗറിന്റെ വിക്കറ്റെടുത്ത ആ നിമിഷം. ടീം ആഘോഷത്തിന്റെ ആരവത്തിലേക്ക് നീങ്ങിയപ്പോള്‍ വിരാട് കോലി അത് വിലക്കി. ഗ്രൗണ്ടില്‍നിന്ന് പിരിയുന്ന അദ്ദേഹത്തിന് മാന്യമായ യാത്രയയപ്പ് നല്‍കാന്‍ ടീമംഗങ്ങളോട് നിര്‍ദേശിച്ചു. കോലി അടുത്തുവന്ന് എല്‍ഗറിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. വരണ്ട പിച്ചിലെ നനുത്ത ഓര്‍മയായി അതെന്നുമുണ്ടാകുമെന്നുറപ്പ്.
Content Highlights: india south africa test, many records, ducks, cape town
Published: 03 Jan 2024, 10:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented