മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക്‌ മികച്ച സ്‌കോര്‍. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു. 60 റണ്‍സുമായി ദീപ്തി ശര്‍മയും നാല് റണ്‍സോടെ പൂജ വസ്ത്രകാറുമാണ് ക്രീസില്‍. 

To advertise here,

ദീപ്തിയെക്കൂടാതെ മറ്റു മൂന്നുപേര്‍കൂടി ഇന്ത്യക്കുവേണ്ടി അര്‍ധശതകം തികച്ചു. സതീശ് ശുഭയും (69 റണ്‍സ്) ജെമീമ റോഡ്രിഗസും (68 റണ്‍സെ്) യസ്തിക ഭാട്യയുമാണ് (66 റണ്‍സ്) ടീം സ്‌കോര്‍ 400 കടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധസെഞ്ച്വറിക്ക് ഒരു റണ്‍ അകലെ നില്‍ക്കേ, വിചിത്രമായ രീതിയില്‍ റണ്ണൗട്ടായി.  73 പന്തില്‍ 30 റണ്‍സ് നേടിയാണ് സ്‌നേഹ് റാണ പുറത്തായത്. 

അതേസമയം ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷെഫാലി വര്‍മയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന പ്രകടനം നടത്തിയില്ല. 17 റണ്‍സെടുത്ത് സ്മൃതിയും 19 റണ്‍സെടുത്ത് ഷെഫാലിയും ഔട്ടായി. ഇംഗ്ലണ്ടിനുവേണ്ടി ലോറന്‍ ബെല്‍ രണ്ടും കെയ്റ്റ് ക്രോസ്, നാറ്റ്‌സിവര്‍ ബ്രണ്ട്, ചാര്‍ലി ഡീന്‍, സോഫി എക്ലസ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. 

രണ്ടുവര്‍ഷത്തിനുശേഷമാണ് ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്. ഇരുടീമും തമ്മില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. വനിതാ ടെസ്റ്റില്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്നത് 2014-ന് ശേഷം ആദ്യവും. നേര്‍ക്കുനേര്‍ ആകെ 14 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇന്ത്യക്ക് രണ്ടും ഇംഗ്ലണ്ടിന് ഒന്നും ജയമാണുള്ളത്. 11 മത്സരം സമനിലയായി. ഏകദിന, ട്വന്റി20 പരമ്പരകളില്‍ ഇംഗ്ലണ്ടിനോട് തോറ്റ നിരാശയിലായിരുന്നു ഇന്ത്യ ടെസ്റ്റിനിറങ്ങിയത്.