കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിനായി ഒരുക്കിയ പിച്ചിൽ ടീം ഇന്ത്യയ്ക്ക് അതൃപ്തി. പിച്ചിലെ പുല്ലിന്റെ അളവിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. കൊളംബോയിലെ നോൺഡിസ്‌ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ പരിശീലന മത്സരത്തിന് മുന്നോടിയായാണ് ഈ വിവാദം ഉടലെടുത്തത്.

To advertise here,

ശ്രീലങ്കയിലെ സാഹചര്യങ്ങൾ സാധാരണയായി സ്പിന്നർമാരെ തുണയ്ക്കുന്നതാണെങ്കിലും, ഇന്ത്യയുടെ പരിശീലന മത്സരത്തിനുള്ള വിക്കറ്റിൽ പുല്ല് നിലനിർത്താനാണ് ശ്രീലങ്കൻ ക്രിക്കറ്റ് തീരുമാനിച്ചത്. എന്നാൽ പിച്ചിലെ പുല്ല് അമിതമാണെന്നാണ് ഇന്ത്യൻ സംഘത്തിന്റെ നിലപാട്.

''വിക്കറ്റിൽ അമിതമായി പുല്ലുണ്ടെന്നാണ് ഇന്ത്യൻ ടീം പറഞ്ഞത്, എന്നാൽ മൂന്ന് ദിവസത്തെ മത്സരങ്ങൾക്കായി ഞങ്ങൾ ഇത്തരത്തിലാണ് പിച്ച് ഒരുക്കാറുള്ളത്.''-ഇന്ത്യൻ ടീമിന്റെ പരാതിയെക്കുറിച്ച് എൻസിസി ഒഫീഷ്യലായ എ. ഫ്രാങ്കെ പ്രതികരിച്ചു. പുല്ലില്ലാത്ത ഒരു വിക്കറ്റ് നൽകാൻ കഴിയില്ലെന്നും, പിച്ചിന്റെ സ്വഭാവത്തേക്കാൾ ടീമുകളുടെ സമീപനമാണ് മത്സരഫലം നിശ്ചയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ പ്രത്യേക നിർദേശപ്രകാരമാണ് വിക്കറ്റിൽ പുല്ല് നിലനിർത്തിയതെന്ന് ഫ്രാങ്കെ വെളിപ്പെടുത്തി. സാധാരണയായി എൻസിസിയിലെ വിക്കറ്റുകൾ മികച്ച ബാറ്റിങ് ട്രാക്കുകളാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം ബാറ്റിങ്ങിനെ തുണയ്ക്കുമെങ്കിലും രണ്ടാം ദിനമോ മൂന്നാം ദിനമോ വിക്കറ്റ് സ്പിന്നർമാരെ സഹായിച്ചേക്കാം. ടോസ് ജയിക്കുന്നവർ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുന്നതാകും ഉചിതമെന്നും ഫ്രാങ്കെ നിർദേശിച്ചു.