വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ച് പെനാല്‍റ്റി റണ്‍സ് ലഭിച്ചു. ഓസീസ് താരം അന്നബെല്‍ സതര്‍ലാന്‍ഡ് എറിഞ്ഞ 29-ാം ഓവറിലെ അവസാന പന്തിലാണ് ക്രിക്കറ്റിലെ അപൂര്‍വ സംഭവം. ക്രീസിലുണ്ടായിരുന്ന ഇന്ത്യന്‍ താരം പ്രതിക റോവലിന്റെ സ്ലോഗ് സ്വീപ്പ് ശ്രമത്തെ പരാജയപ്പെടുത്തിയ പന്ത് വിക്കറ്റിന് പിന്നിലെ അലിസ ഹീലിയെയും കബളിപ്പിച്ചു. തുടര്‍ന്ന് പന്ത് ഹെല്‍മറ്റില്‍ തട്ടി ഡൈപ് ഫൈന്‍ ലെഗിലേക്ക് പോയി. ഇതോടെ ഇന്ത്യക്ക് നിയമപ്രകാരമുള്ള അഞ്ച് റണ്‍സ് ലഭിച്ചു.

To advertise here,

എംസിസി നിയമപുസ്തകത്തിലെ 28.3.2 വകുപ്പ് പ്രകാരം ഫീല്‍ഡിങ് ടീം നിലത്തുവെച്ച ഹെല്‍മെറ്റില്‍ പന്ത് തട്ടിയാല്‍, ബാറ്റിങ് ടീമിന് അമ്പയര്‍ക്ക് അഞ്ച് പെനാല്‍റ്റി റണ്‍സ് അനുവദിക്കാനാവും. പന്ത് ഹെല്‍മെറ്റില്‍ തട്ടുന്നതിന് മുന്‍പ് ബാറ്റര്‍മാര്‍ പൂര്‍ത്തിയാക്കിയ റണ്‍സുകളും പന്ത് തട്ടുന്ന നിമിഷത്തില്‍ ബാറ്റര്‍മാര്‍ ക്രോസ് ചെയ്തിട്ടുണ്ടെങ്കില്‍ ആ ഓടിക്കൊണ്ടിരിക്കുന്ന റണ്ണും സ്‌കോറിനൊപ്പം ചേര്‍ക്കുമെന്നും നിയമം പറയുന്നു.

ഇവിടെ പന്ത് ഹെല്‍മെറ്റില്‍ തട്ടുന്നതിന് മുന്‍പ് ബാറ്റര്‍മാര്‍ ക്രോസ് ചെയ്തിരുന്നില്ല. അതിനാല്‍ അഞ്ച് റണ്‍സേ നേടിയുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 39 ഓവര്‍ പിന്നിടുമ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെന്ന നിലയിലാണ്. 80 റണ്‍സ് നേടി ഓപ്പണര്‍ സ്മൃതി മന്ദാനയും 75 റണ്‍സോടെ പ്രതിക റാവലും പുറത്തായി. ഹര്‍ലീന്‍ ഡിയോള്‍ (38), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (22) എന്നിവരും പുറത്തായി. സോഫി മൊളീനക്‌സിന് രണ്ട് വിക്കറ്റ്.