കറാച്ചി: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അഭിമുഖം പുറത്തുവരുന്നത് തടയാൻ പാക് ടീം ബഹിഷ്കരണഭീഷണി വരെ മുഴക്കിയ നടപടി ചർച്ചകൾക്ക് തിരികൊളുത്തി. ലോർഡ്‌സ് ടെസ്റ്റിനിടെ അഭിമുഖം ടെലികാസ്റ്റ് ചെയ്യരുതെന്നും പുറത്തുവിട്ടാൽ ഇംഗ്ലണ്ടിനെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നും പാക് ടീം ഭീഷണിപ്പെടുത്തിയതായാണ് വിവരം. എന്നാൽ ഈ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ബ്രോഡ്കാസ്റ്റരായ സ്‌കൈ സ്‌പോർട്‌സ് അഭിമുഖം ഷെഡ്യൂൾ പ്രകാരം തന്നെ പുറത്തുവിട്ടു. പാക് ടീമിന്റെ അപ്രതീക്ഷിത നടപടികൾ ക്രിക്കറ്റ് ലോകത്ത് വൻ ചർച്ചയാവുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് കോച്ച് സർഫറാസ് അഹമ്മദ്.

To advertise here,

പാക് ടീം മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണി മുഴക്കിയ സംഭവത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും താൻ മത്സരത്തിൽ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സർഫറാസ് മാധ്യമങ്ങളോട് പറഞ്ഞു. "എനിക്ക് ഒന്നും അറിയില്ല. ഞാൻ മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു,"-ഇമ്രാന്റെ മക്കളുമായുള്ള സ്കൈ സ്പോർട്സിന്റെ അഭിമുഖത്തെക്കുറിച്ച് പാക് കോച്ച് പറഞ്ഞു.

മാധ്യമപ്രവർത്തകർ വ്യക്തത തേടി പിന്നെയും ചോദ്യങ്ങൾ ചോദിച്ചു. അതോടെ സർഫറാസ് തന്റെ നിലപാട് ആവർത്തിച്ചു. "നിങ്ങൾ അഭിമുഖത്തെക്കുറിച്ചാണോ സംസാരിക്കുന്നത്? ഞങ്ങൾക്ക് അഭിമുഖത്തെക്കുറിച്ച് ഒന്നും അറിയില്ല," അദ്ദേഹം വ്യക്തമാക്കി. അഭിമുഖം പുറത്തിറക്കിയാൽ പാകിസ്താൻ കളിക്കാനിറങ്ങില്ലെന്ന നിലപാടെടുത്തിരിന്നോയെന്ന ചോദ്യത്തോട് സർഫറാസ് പ്രതികരിച്ചതിങ്ങനെ. "എല്ലാം ശരിയായി തന്നെ നിൽക്കുന്നു. ഞങ്ങൾ ആ സമയത്ത് ഭക്ഷണം കഴിക്കുകയായിരുന്നു," - സർഫറാസ് പറഞ്ഞു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പാക് കോച്ച് തയ്യാറായതുമില്ല.

ലോർഡ്‌സ് ടെസ്റ്റിൽ ടീമുകൾ ഉച്ചഭക്ഷണത്തിനായി പിരിയുന്ന വേളയിൽ അഭിമുഖം പുറത്തിറക്കുന്നതാണ് പാക് ബോർഡ് എതിർത്തത്. ഇമ്രാൻ ഖാന്റെ മക്കളെ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ അതർട്ടണാണ് അഭിമുഖം ചെയ്തത്. അഭിമുഖം പുറത്തിറക്കരുതെന്ന കർശന നിലപാടുമായി പാകിസ്താൻ രംഗത്തെത്തി. അഭിമുഖം പുറത്തിറക്കിയാൽ മത്സരം ബഹിഷ്‌കരിക്കുമെന്നും പിസിബി അറിയിച്ചു. താരങ്ങളോട് മൈതാനത്ത് ഇറങ്ങേണ്ടതില്ലെന്ന നിലപാട് ബോർഡ് അറിയിച്ചതായാണ് വിവരം. എന്നാൽ സ്‌കൈ സ്‌പോർട്‌സ് ഈ ഭീഷണിക്ക് വഴങ്ങിയില്ല. ഷെഡ്യൂൾ പ്രകാരം സ്‌കൈ സ്‌പോർട്‌സ് അഭിമുഖം പുറത്തുവിട്ടു. കടുത്ത അതൃപ്തിയിലായിരുന്നെങ്കിലും ഇംഗ്ലീഷ് ബോർഡ് കൂടി ഇടപെട്ടതോടെ പാകിസ്താൻ അയയുകയായിരുന്നു.