മെല്‍ബണ്‍: ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍ നടത്തിയ ഒരു പ്രവചനം വൻ ചർച്ചയായിരുന്നു. പരമ്പരയില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട് സെഞ്ചുറി നേടുമെന്നാണ് ഹെയ്ഡന്‍ പ്രവചിച്ചത്. ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കില്‍ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് കൂടി നഗ്നനായി നടക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം തന്നെ റൂട്ട് സെഞ്ചുറി തികച്ചതോടെ ഹെയ്ഡന്റെ പ്രവചനം യാഥാർഥ്യമായിരിക്കുന്നു.
ആഷസിലെ ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തുന്നതായിരുന്നു റൂട്ടിന്റെ പ്രകടനം. ഒന്നാമിന്നിങ്സിൽ ഡക്കായി മടങ്ങിയ താരം രണ്ടാമിന്നിങ്സിലാകട്ടെ എട്ടുറൺസ് മാത്രമാണ് നേടിയത്. എന്നാൽ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ റൂട്ട് സെഞ്ചുറി തികച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അഞ്ചുറണ്‍സിനിടെ രണ്ടുവിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സാക് ക്രോളിയും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലീഷ് നിരയെ കരകയറ്റി. പിന്നീട് വിക്കറ്റുകള്‍ പോകുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച് ജോ റൂട്ട് ബാറ്റേന്തി. നാലാം വിക്കറ്റില്‍ ഹാരി ബ്രൂക്കുമായി ചേർന്നു ജോ റൂട്ട് സ്‌കോറുയര്‍ത്തി. നിരനിരയായി ഇംഗ്ലീഷ് ബാറ്റര്‍മാര്‍ കൂടാരം കയറുമ്പോഴും റൂട്ട് ഇംഗ്ലീഷ് ഇന്നിങ്സിന് കരുത്തേകി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്(19), ജാമി സ്മിത്ത്(0), വില്‍ ജാക്ക്‌സ്(19), ഗസ് ആറ്റ്കിന്‍സണ്‍(4), ബ്രൈഡന്‍ കാഴ്‌സെ(0) എന്നിവര്‍ നിരാശപ്പെടുത്തി. 135 റൺസോടെ റൂട്ട് പുറത്താകാതെ നിൽക്കുകയാണ്.
റൂട്ട് സെഞ്ചുറി തികച്ചതോടെ യഥാർഥത്തിൽ രക്ഷപ്പെട്ടത് മാത്യു ഹെയ്ഡനാണ്. റൂട്ട് മൂന്നക്കം തൊട്ടില്ലെങ്കിൽ മൈതാനത്തുകൂടി നഗ്നനായി നടക്കുമെന്നാണ് ഹെയ്ഡൻ പറഞ്ഞിരുന്നത്. ഒരു യൂട്യൂബ് ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് മുന്‍ ഓസീസ് താരം ഇത്തരത്തില്‍ ഒരു പ്രവചനം നടത്തിയത്. ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കില്‍ ഞാന്‍ നഗ്നനായി മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തിലൂടെ നടക്കും. - ഹെയ്ഡന്‍ സഹപാനലിസ്റ്റുകളോട് പറഞ്ഞു. ഹെയ്ഡന്റെ പ്രവചനം ആരാധകര്‍ക്കിടയിലും വന്‍ ചര്‍ച്ചയായിരുന്നു. അതിനിടെ ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡനും പ്രതികരണവുമായി രംഗത്തെത്തി. ജോ റൂട്ട്, ദയവായി സെഞ്ചുറി നേടുക - ഗ്രേസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെയായിരുന്നു.
Content Highlights: Joe Root Saves Matthew Hayden From 'Walking Nude In Melbourne'
Published: 04 Dec 2025, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented