മുംബൈ: ഇന്ത്യയുടെ ഉപനായകനായിരുന്ന ശുഭ്മാൻ ഗില്ലിനെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയത് സെലക്ടർമാരുടെ തെറ്റ് തിരുത്തലായാണ് കാണുന്നതെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ടി20 ഫോർമാറ്റിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാതിരുന്നിട്ടും ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം വെച്ചാണ് ഗില്ലിനെ ടി20 ടീമിലെടുത്തതെന്നും മഞ്ജരേക്കർ പറഞ്ഞു. ഒരോ ഫോർമാറ്റിലും താരങ്ങളുടെ പ്രകടനം വ്യത്യസ്മായിരിക്കുമെന്നും ഇതോടെ സെലക്ടർമാർ പാഠം പഠിച്ചുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

"ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ നടപടി സെലക്ടർമാരുടെ തെറ്റ് തിരുത്തലായാണ് ഞാൻ കാണുന്നത്. ഇംഗ്ലണ്ടിൽ ഇന്ത്യയുടേത് മികച്ച പര്യടനമായിരുന്നു. അതിലെ സൂപ്പർ താരമായിരുന്നു ശുഭ്മാൻ ഗിൽ. അന്ന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഒന്നടങ്കം സന്തോഷത്തിലായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ പേരായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ഉടൻ തന്നെ ഏകദിന ടീമിന്റെ ക്യാപ്റ്റനുമായി." ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മഞ്ജരേക്കർ പറഞ്ഞു.

"ആ ആവേശത്തിൽ അദ്ദേഹത്തെ ഇന്ത്യൻ ടി20 ടീമിലും ഉൾപ്പെടുത്തി. അതൊരു തെറ്റായിരുന്നു. കാരണം, ടി20 കളിക്കാരൻ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിലെ മികവിന്റെ പേരിൽ മാത്രമാണ് അദ്ദേഹം ടി20 ടീമിൽ ഇടം നേടിയത്. ഇപ്പോൾ സെലക്ടർമാർ അത് തിരുത്തിയിരിക്കുന്നു. ലോകകപ്പിനായുള്ള ടി20 ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതിലൂടെ അവർ ആ തെറ്റ് തിരുത്തിയിരിക്കുന്നു. ഈ കളിക്ക് മൂന്ന് ഫോർമാറ്റുകളുണ്ടെന്ന പാഠം അവർ പഠിച്ചിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

"ടെസ്റ്റ് മത്സരങ്ങളിൽ ഒരാൾ മികച്ച പ്രകടനം കാഴ്ചവെച്ചാൽ, അദ്ദേഹം ഒരു മികച്ച ടെസ്റ്റ് കളിക്കാരനാണ്. ഒരാൾ ഏകദിനത്തിൽ നന്നായി കളിച്ചാൽ, അദ്ദേഹം ഒരു മികച്ച ഏകദിന കളിക്കാരനാണ്. ടി20 പ്രകടനങ്ങൾ നിങ്ങൾക്ക് ടി20 ക്രിക്കറ്റിൽ ഒരു കളിക്കാരൻ എത്രത്തോളം മികച്ചവനാണെന്ന് കാണിച്ചുതരും. അതിനാൽ, തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഈ ഫോർമാറ്റുകളെല്ലാം കൂട്ടിക്കുഴയ്ക്കരുത്. ഇത് സെലക്ടർമാർക്കുള്ള ഒരു പാഠമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.