മെല്‍ബണ്‍: വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആവശ്യം അജിത്‌ അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തള്ളുകയായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെര്‍ത്തിലെ ആദ്യ ടെസ്റ്റിനു മുമ്പായാണ് ഗംഭീര്‍, പൂജാരയെ ടീമിലെത്തിക്കാന്‍ പലതവണ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനോട് മുഖം തിരിക്കുന്ന നടപടിയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതിന് ശേഷവും പൂജാരയെ ഉള്‍പ്പെടുത്തണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു.

To advertise here,

2018-ല്‍ ഇന്ത്യ വിജയിച്ച ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ 521 റണ്‍സടിച്ച് ടോപ് സ്‌കോററായ പൂജാര 2020-21 പരമ്പരയില്‍ 271 റണ്‍സടിച്ചിരുന്നു. ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ 211 പന്തുകള്‍ നേരിട്ട് പൂജാര നേടിയ 56 റണ്‍സ് ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തിരുന്നു. 2023-ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. ഓസീസിനെതിരായ ഫൈനലില്‍ പൂജാരയുടെ പ്രകടനം മോശമായിരുന്നു. ഇതോടെയാണ് താരം ടീമില്‍ നിന്ന് പുറത്താകുന്നത്.

ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ മോശം പ്രകടനത്തോടെ തന്നെ പൂജാരയുടെ അസാന്നിധ്യം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. മെല്‍ബണില്‍ പ്രതിരോധിച്ചുനിന്നാല്‍ സമനില കിട്ടുമായിരുന്ന മത്സരം അവസാന സെഷനില്‍ കളഞ്ഞുകുളിച്ച ബാറ്റര്‍മാരുടെ നിരുത്തരവാദിത്തപരമായ പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. ശരിക്കും ഇവിടെയാണ് പൂജാരയുടെ വില ഇന്ത്യ തിരിച്ചറിഞ്ഞത്.