ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സൂപ്പര്‍താരം ബാബര്‍ അസമിന് പകരം ടീമില്‍ ഇടം നേടിയ യുവതാരമാണ് കമ്രാന്‍ ഗുലാം. ബാബറിനെ ഒഴിവാക്കി കമ്രാനെ ടീമിലെടുത്തത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ബാബര്‍ അസമിന്റെ ആരാധകരെല്ലാം കമ്രാനെതിരെ രംഗത്തെത്തി. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

To advertise here,

എന്നാല്‍ അരങ്ങേറ്റ ടെസ്റ്റിലൂടെ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് 29-കാരന്‍. 224 പന്തില്‍ 11 ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെ 118 റണ്‍സാണ് കമ്രാന്‍ അടിച്ചെടുത്തത്. ഇതിന് പിന്നാലെ സാക്ഷാല്‍ ബാബറിന്റെ അഭിനന്ദന സന്ദേശം തന്നെ കമ്രാനെ തേടിയെത്തി. 'നന്നായി കളിച്ചു കമ്രാന്‍' എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ബാബര്‍ കുറിച്ചത്.

ഇതിന് പിന്നാലെ കമ്രാന്റെ ഒരു പഴയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു മത്സരത്തില്‍ കമ്രാനെ പാക് പേസ് ബൗളര്‍ ഹാരിസ് റൗഫ് മുഖത്ത് അടിക്കുന്നതാണ് ആ വീഡിയോയിലുള്ളത്. 

പാകിസ്താന്‍ സൂപ്പര്‍ ലീഗ് ലാഹോര്‍ ഖലന്ദേഴ്‌സും പെഷവാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. വിക്കറ്റ് ആഘോഷിക്കുന്നതിനിടെ റൗഫ് കമ്രാന്റെ മുഖത്ത് അടിക്കുകയും തള്ളി മാറ്റുകയും ചെയ്യുകയായിരുന്നു. നേരത്തെ അതേ ഓവറില്‍ ക്യാച്ചിനുള്ള അവസരം കമ്രാന്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇതായിരുന്നു റൗഫിന്റെ ദേഷ്യത്തിനുള്ള കാരണം. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 59 മത്സരങ്ങളില്‍ 98 ഇന്നിങ്‌സുകളിലായി 4377 റണ്‍സാണ് കമ്രാന്‍ അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പാക് ടീമില്‍ നിന്നാണ് ബാബര്‍ അസം ഉള്‍പ്പെടെയുള്ള താരങ്ങളെ ഒഴിവാക്കിയത്. ഷഹീന്‍ഷാ അഫ്രീദി, നസീം ഷാ, സര്‍ഫറാസ് അഹമ്മദ് എന്നിവരും ടീമിലില്ല. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതെന്നും തോല്‍വികളില്‍ നിന്ന് പാകിസ്താന്‍ ക്രിക്കറ്റിന് കര കയറേണ്ടതുണ്ടെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.