ന്യൂ സൗത്ത് വെയില്‍സ്: കാന്‍സറിനെതിരായ പോരാട്ടം ജയിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ആര്‍സിബിയുടെ മുന്‍ താരമായിരുന്ന ഓസ്‌ട്രേലിയക്കാരന്‍ നിക്ക് മാഡിന്‍സണ്‍. ഈ വര്‍ഷം ആദ്യമാണ് തനിക്ക് വൃഷണത്തില്‍ കാന്‍സര്‍ കണ്ടെത്തിയതെന്നും പിന്നീട് കീമോതെറാപ്പിക്ക് വിധേയനായെങ്കിലും ഇപ്പോള്‍ തന്റെ കരിയര്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണെന്നും താരം വെളിപ്പെടുത്തി.

To advertise here,

ഓസ്‌ട്രേലിയക്കായി മൂന്ന് ടെസ്റ്റ് മത്സരങ്ങളും ആറ് ഏകദിനങ്ങളും കളിച്ച താരമാണ് മാഡിസണ്‍. ന്യൂ സൗത്ത് വെയില്‍സ് ടീമില്‍ അംഗമായിരുന്ന മാഡിസണ്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്ക് വിധേയനായപ്പോഴാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. കീമോതെറാപ്പി ചെയ്യണമെന്ന കാര്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് മാഡിസണ്‍ പറഞ്ഞു. കാന്‍സര്‍ അടിവയറ്റിലെ ലിംഫ് നോഡുകളിലേക്കും ശ്വാസകോശത്തിന്റെ ഭാഗങ്ങളിലേക്കും പടര്‍ന്നുകഴിഞ്ഞിരുന്നു. ഭയാനകമായ അവസ്ഥയായിരുന്നു അതെന്നും താരം വ്യക്തമാക്കി.

2014, 2015 ഐപിഎല്‍ സീസണുകളില്‍ ആര്‍സിബി ടീമില്‍ താരം അംഗമായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനിടെ ഭാര്യ ബിയാങ്കയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരത്തിന് നാട്ടിലേക്ക് മടങ്ങേണ്ടിവരികയായിരുന്നു. രണ്ടു സീസണുകളിലായി മൂന്ന് ഐപിഎല്‍ മത്സരങ്ങളില്‍ മാത്രമാണ് മാഡിസണ് കളിക്കാന്‍ സാധിച്ചത്.

''രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയോടെ, എന്റെ മുടി മുഴുവന്‍ കൊഴിഞ്ഞു. പാര്‍ശ്വഫലങ്ങള്‍ നിയന്ത്രിക്കാന്‍ ഞാന്‍ വിവിധതരം സ്റ്റിറോയിഡുകള്‍ കഴിക്കുന്നുണ്ടായിരുന്നു, പക്ഷേ അവ രാത്രിയില്‍ ഉറക്കം തടസപ്പെടുത്തുന്നതായിരുന്നു. ചിലപ്പോള്‍ ഞാന്‍ ഏകദേശം പുലര്‍ച്ചെ ഒരു മണി വരെ ഉറങ്ങും. ചിലപ്പോള്‍ രാവിലെ ആറുമണിവരെ ഉണര്‍ന്നിരിക്കും. അത് വളരെ ബുദ്ധിമുട്ടായിരുന്നു. ഞാന്‍ വളരെ ക്ഷീണിതനായിരുന്നു. 24 മണിക്കൂറും ഉറങ്ങണമെന്ന് തോന്നുമായിരുന്നു. ജീവിതത്തിലെ ഏറ്റവും മന്ദഗതിയിലുള്ളതും ദൈര്‍ഘ്യമേറിയതുമായ ഒമ്പത് ആഴ്ചകളായിരുന്നു അത്.'' - മാഡിസണ്‍ പറഞ്ഞു.

എന്നാല്‍ കീമോതെറാപ്പി ആഗ്രഹിച്ച ഫലം നല്‍കിയെന്നും ക്രിക്കറ്റ് ജീവിതം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണെന്നും താരം വ്യക്തമാക്കി. ന്യൂ സൗത്ത് വെയില്‍സ് ടീമംഗങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനായുള്ള ഒരുക്കത്തിലാണ് താരം.