ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. 41 റണ്‍സിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 235 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി. 

To advertise here,

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ജോണി ബെയര്‍സ്‌റ്റോ കൊടുങ്കാറ്റായി മാറി. 53 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും എട്ട് സിക്‌സിന്റെയും അകമ്പടിയോടെ 90 റണ്‍സെടുത്ത ബെയര്‍സ്‌റ്റോ അവസാന ഓവറിലാണ് പുറത്തായത്. 52 റണ്‍സെടുത്ത മോയിന്‍ അലിയും 43 റണ്‍സ് നേടിയ ഡേവിഡ് മലാനും മികച്ചുനിന്നു. ഇതോടെ 20 ഓവറില്‍ ഇംഗ്ലണ്ട് ആറുവിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് അടിച്ചെടുത്തു. ട്വന്റി 20 യില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ടോട്ടലാണിത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി അഞ്ചുവിക്കറ്റ് വീഴ്ത്തി. 

235 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. വെറും 28 പന്തുകളില്‍ നിന്ന് എട്ട് സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 72 റണ്‍സാണ് താരം അടിച്ചെടുത്തത്. പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാന്‍ സ്റ്റബ്‌സിന് കഴിഞ്ഞില്ല. 33 പന്തുകളില്‍ നിന്ന് 57 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്‌സും മികച്ച പ്രകടനം പുറത്തെടുത്തു. 

ഇംഗ്ലണ്ടിനായി റിച്ചാര്‍ഡ് ഗ്ലീസണ്‍ മൂന്നുവിക്കറ്റെടുത്തപ്പോള്‍ റീസ് ടോപ്ലിയും ആദില്‍ റഷീദും രണ്ട് വിക്കറ്റ് വീതം നേടി.