മെല്‍ബണ്‍: ഇന്ത്യ എ ടീമും ഓസ്‌ട്രേലിയ എ ടീമും തമ്മില്‍ നടന്ന ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. നാലാം ദിനം മത്സരത്തിന് മുമ്പ് അമ്പയര്‍മാര്‍ പന്ത് മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 

To advertise here,

മൂന്നാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ ഉപയോഗിച്ച പന്തിന് പകരം പുതിയ പന്താണ് അമ്പയര്‍മാര്‍ നല്‍കിയത്. ഇത് ഇന്ത്യന്‍ താരങ്ങള്‍ ചോദ്യം ചെയ്തതോടെ ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ആ സമയത്ത് 86 റണ്‍സായിരുന്നു ഓസീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 

നിങ്ങള്‍ പന്ത് ചുരണ്ടിയാല്‍ ഞങ്ങള്‍ അത് മാറ്റുമെന്നും ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നും അമ്പയര്‍ ഷോണ്‍ ക്രൈഗ് ഇന്ത്യന്‍ താരങ്ങളോട് പറഞ്ഞു. എന്നാല്‍ ഇതിനെ ഇന്ത്യന്‍ താരങ്ങള്‍ ചോദ്യം ചെയ്തു. പുതിയ പന്ത് ഉപയോഗിച്ച് ഞങ്ങള്‍ കളിക്കണമോയെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ അമ്പയറോട് ചോദിച്ചു.  നിങ്ങള്‍ ഈ പന്തുകൊണ്ട് കളിക്കുമെന്നായിരുന്നു അമ്പയറുടെ മറുപടി.

ഇത് മണ്ടന്‍ തീരുമാനമാണെന്ന് അമ്പയര്‍ക്ക് ഇഷാന്‍ മറുപടി നല്‍കി. ഇതോടെ അമ്പയര്‍ ഇഷാനെതിരെ തിരിഞ്ഞു. അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി കാണിച്ചതിനാല്‍ മാച്ച് റഫറിക്ക്  റിപ്പോര്‍ട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ടീമിന്റെ പ്രവൃത്തി കാരണമാണ് തങ്ങള്‍ പന്ത് മാറ്റിയതെന്നും അമ്പയര്‍ അറിയിച്ചു. ഇതോടെ പുതിയ പന്തുകൊണ്ട് ബോള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി.

പിന്നീട് ഇതില്‍ വിശദീകരണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തെത്തി. ഇന്ത്യക്കെതിരായ പന്ത് ചുരണ്ടല്‍ ആരോപണത്തെ അവര്‍ തള്ളിക്കളഞ്ഞു. പന്തിന്റെ അവസ്ഥ മോശമായതിനാലാണ് അത് മാറ്റിയതെന്നും അവര്‍ വ്യക്തമാക്കി. രണ്ട് ടീമുകളുടേയും ക്യാപ്റ്റന്‍മാരേയും മാനേജര്‍മാരേയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഓസ്‌ട്രേലിയ വിജയിച്ചു. ഇന്ത്യയുടെ 225 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടന്നു.