ചെന്നൈ: ഐ.പി.എലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരേ ചെന്നൈ സൂപ്പർ കിങ്‌സിന് ജയം. ലഖ്‌നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കേ ചെന്നൈ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ ഓപ്പണർ ജോഷ് ഇംഗ്ലിസിന്റെ കൂറ്റനടിയുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ചെന്നൈ ഉർവിൽ പട്ടേലിന്റെ കരുത്തിൽ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. ഇതോടെ ചെന്നൈക്ക് അഞ്ചുവിക്കറ്റിന്റെ ജയം.

To advertise here,

33 പന്തിൽ 85 റൺസ് നേടിയ ലഖ്‌നൗവിന്റെ ഇംഗ്ലിസാണ് മത്സരത്തിലെ ടോപ് സ്‌കോറർ. ആറ് സിക്‌സും പത്ത് ബൗണ്ടറിയും ചേർന്നതാണ് ഇന്നിങ്‌സ്. അവസാന ഓവറുകളിൽ 25 പന്തിൽ 43 റൺസ് കണ്ടെത്തിയ ഷഹബാസ് അമനാണ് ടീം സ്‌കോർ 200 കടത്തിയത്. ചെന്നൈക്കായി ജമീ ഓവർട്ടൺ മൂന്നും അൻഷുൽ കംബോജ് രണ്ടും വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിൽ ചെന്നൈക്കായി ഉർവിൽ പട്ടേൽ 23 പന്തിൽ 65 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്‌വാദ് 28 പന്തിൽ 42 റൺസും ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ 14 പന്തിൽ 28 റൺസും നേടി. ലഖ്‌നൗവിനായി ഷഹ്ബാസ് അഹ്‌മദും ദിഗ്വേഷ് സിങ് രതിയും രണ്ടുവീതം വിക്കറ്റുകൾ നേടി.