മുംബൈ: വെസ്റ്റിന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡിന്റെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇതിന് പിന്നാലെ താരത്തിന് ആശംസകളുമായി മുന്‍ താരങ്ങളും സഹതാരങ്ങളും രംഗത്തെത്തി. ഇതില്‍ ഏറ്റവും രസകരം വെസ്റ്റിന്‍ഡീസ് ടീമിലെ സഹതാരം ക്രിസ് ഗെയ്‌ലിന്റെ ട്വീറ്റാണ്. 

To advertise here,

'എനിക്കു മുമ്പേ നീ വിരമിച്ചു എന്നു വിശ്വസിക്കാനാകുന്നില്ല' എന്നായിരുന്നു ഗെയ്‌ലിന്റെ ട്വീറ്റ്. പൊള്ളാര്‍ഡിനൊപ്പം കളിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഗെയ്ല്‍ ട്വിറ്ററില്‍ കുറിച്ചു.

പൊള്ളാര്‍ഡ് യഥാര്‍ഥ പോരാളിയാണെന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ആളാണെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വീറ്റു ചെയ്തു. പ്രിയപ്പെട്ട പൊള്ളിക്ക് സച്ചിന്‍ അഭിനന്ദനങ്ങളും അറിയിച്ചു. 'വമ്പനടിക്കാരന്‍, കരുത്തുറ്റ ടീം പ്ലെയര്‍, ഏറ്റവും നല്ല സുഹൃത്ത്' എന്നായിരുന്നു ജസ്പ്രീത് ബുംറയുടെ ട്വീറ്റ്. 

വെസ്റ്റിന്‍ഡീസിനായി 123 ഏകദിനവും 101 ട്വന്റി-20യും കളിച്ച പൊള്ളാര്‍ഡ് ടീമിനെ നയിച്ചിട്ടുമുണ്ട്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരം ബുധനാഴ്ച സമൂഹ മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഏകദിനത്തില്‍ 2706 റണ്‍സും 55 വിക്കറ്റുമുണ്ട്. ട്വന്റി-20യില്‍ 1569 റണ്‍സും 42 വിക്കറ്റുമുണ്ട്. 2012-ല്‍ ട്വന്റി 20 ലോകകപ്പ് ജയിച്ച വിന്‍ഡീസ് ടീമില്‍ കളിച്ചു. ഇടക്കാലത്ത് ദേശീയ ടീമില്‍നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി. ഈവര്‍ഷം ഇന്ത്യയ്‌ക്കെതിരേ നടന്ന പരമ്പരയിലും കളിച്ചിരുന്നു.