രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ചുറിയുമായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ സൗരാഷ്ട്രയ്ക്കു വേണ്ടിയായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. 383 പന്തില്‍നിന്ന് ഒരു സിക്‌സും 25 ഫോറുമടക്കം 234 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. മത്സരം സമനിലയില്‍ കലാശിച്ചു. കളിയിലെ താരമായി തിരഞ്ഞെടുത്തതും പൂജാരയെ തന്നെ. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് പൂജാര ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പൂജാരയുടെ 18-ാം ഇരട്ട സെഞ്ചുറിയായിരുന്നു ഇത്. ഇതോടെ 37 ഇരട്ട സെഞ്ചുറികള്‍ നേടിയ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, 36 ഇരട്ട സെഞ്ചുറികള്‍ നേടിയ ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ട്, 22 ഇരട്ട സെഞ്ചുറികള്‍ നേടിയ പാറ്റ്‌സി ഹെന്‍ഡ്രെന്‍ എന്നിവര്‍ക്കു പിന്നില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാമതെത്താനും പൂജാരയ്ക്കായി.
മാത്രമല്ല, രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടിയ താരമെന്ന പരസ് ദോഗ്രയുടെ റെക്കോഡിനൊപ്പവും പൂജാര എത്തി. ഇരുവര്‍ക്കും ഒമ്പത് ഇരട്ട സെഞ്ചുറികള്‍ വീതമായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 66-ാം സെഞ്ചുറിയും പൂജാര ഈ മത്സരത്തില്‍ നേടിയിരുന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും താരത്തിനായി. 81 സെഞ്ചുറികള്‍ വീതം നേടിയ സുനില്‍ ഗാവസ്‌ക്കറും സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് ഒന്നാമത്. 68 സെഞ്ചുറികളുമായി രാഹുല്‍ ദ്രാവിഡാണ് പട്ടികയിലെ രണ്ടാമന്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും പൂജാരയ്ക്കായി. സുനില്‍ ഗാവസ്‌ക്കര്‍ (25,834 റണ്‍സ്), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (25,396), രാഹുല്‍ ദ്രാവിഡ് (23,784) എന്നിവരാണ് പൂജാരയ്ക്ക് മുന്നിലുള്ളത്. 21,115 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം.
Content Highlights: Cheteshwar Pujara smashed a double century for Saurashtra against Chhattisgarh in the Ranji Trophy.
Published: 21 Oct 2024, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented