തിരുവനന്തപുരം: ന്യൂസിലൻഡിനെതിരേ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മലയാളി താരം സഞ്ജു സംസണിനെ വിമർശിച്ച് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. സഞ്ജു സാംസണിന്റെ തുടർച്ചയായുള്ള പരാജയങ്ങൾ സമ്മർദ്ദം കാരണമാണെന്ന് പറയാനാകില്ലെന്നും കാരണം താരത്തിന് വലിയ പരിചയ സമ്പത്തുണ്ടെന്നും ചാഹൽ പറഞ്ഞു. സ്വയം തെളിയിക്കാൻ നാല് മത്സരങ്ങൾ ധാരാളമാണെന്നും ഇഷാൻ കിഷൻ മികച്ച പ്രകടനം നടത്തി കാത്തിരിക്കുന്നുണ്ടെന്നും ചാഹൽ പ്രതികരിച്ചു. പരമ്പരയിലെ ആദ്യ നാലുമത്സരങ്ങളിൽ നിന്ന് 40 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. അവസാനമത്സരം ശനിയാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്.

To advertise here,

"സഞ്ജു സാംസൺ ഒട്ടേറെ വർഷങ്ങളായി കളിക്കുന്നു. ഐപിഎല്ലിൽ മധ്യനിരയിൽ തുടങ്ങി പിന്നീട് ഓപ്പണറായി. 10-12 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതിന് ശേഷം, സമ്മർദ്ദം പറഞ്ഞ് രക്ഷപ്പെടാനാവില്ല. ഈ പരമ്പരയിൽ അദ്ദേഹത്തിന് നാല് അവസരങ്ങൾ ലഭിച്ചു. ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയം അംഗീകരിക്കാം. എന്നാൽ മൂന്നോ നാലോ മത്സരങ്ങളിൽ അങ്ങനെയല്ല. ബാക്കപ്പായിരുന്ന ഇഷാൻ കിഷനെ പോലെയുള്ള ഒരാൾ മൂന്നാം നമ്പറിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. സഞ്ജു സ്വയം കുറ്റപ്പെടുത്തുമായിരിക്കും. അദ്ദേഹത്തിന് നാല് അവസരങ്ങൾ ലഭിച്ചു, പക്ഷേ അവ പ്രയോജനപ്പെടുത്തിയില്ല."- ജിയോസ്റ്റാറിൽ ചാഹൽ പറഞ്ഞു.

സഞ്ജു പരിഭ്രമിക്കേണ്ടതില്ലെന്നും ന്യൂസിലൻഡിനെതിരേ ഒരു മത്സരം കൂടി ബാക്കിയുണ്ടെന്നും ചാഹൽ ഓർമപ്പെടുത്തി. ഇത് ടീം മാനേജ്‌മെന്റിനെ ആശ്രയിച്ചിരിക്കുന്നതാണ്. സഞ്ജു ഓപ്പണറായി ബുദ്ധിമുട്ടുന്നുണ്ടെന്നും ഇഷാൻ മൂന്നാം നമ്പറിൽ നന്നായി കളിക്കുന്നുണ്ടെന്നും അവർക്ക് തോന്നിയാൽ, സഞ്ജുവിനെ പുറത്തിരുത്തി ഇഷാൻ കിഷന് അവസാന ടി20യിൽ ഓപ്പണറായും വിക്കറ്റ് കീപ്പറായും അവസരം നൽകുന്നത് ശരിയായ തീരുമാനമായിരിക്കും."- ചാഹൽ കൂട്ടിച്ചേർത്തു.

ആഴ്ചകൾക്കപ്പുറം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ റിഹേഴ്‌സലാണ് ഈ പരമ്പര. അതിനാൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് പ്ലേയിങ് ഇലവനിൽ നിലനിൽക്കാൻ സഞ്ജുവിന് ആവശ്യമാണ്. പരമ്പരയിൽ നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെതിരേ സോഷ്യൽ മീഡിയയിലും പ്രതിഷേധമുണ്ട്. മുമ്പ് സഞ്ജുവിനെ ടീമിൽ എടുക്കാതെ മാറ്റി നിർത്തുന്ന സാഹചര്യത്തിൽ സഞ്ജുവിനായി ശബ്ദമുയർത്തിയിരുന്ന സോഷ്യൽ മീഡിയ ഇപ്പോൾ താരത്തിനെതിരേ തിരിഞ്ഞ മട്ടാണ്. സഞ്ജുവിന്റെ ബാക്കപ്പായി ടീമിലെത്തിയ ഇഷാൻ കിഷൻ അവസരത്തിനൊത്തുയർന്നിട്ടുമുണ്ട്. പരിക്കിൽ നിന്ന് മുക്തമായി തിലക് വർമ ടീമിനൊപ്പം ചേർന്നാൽ സഞ്ജുവിനു പകരം ഇഷാന് ഓപ്പണറായി നറുക്ക് വീഴാനും സാധ്യതയുണ്ട്.

ഇന്ത്യ - ന്യൂസീലൻഡ് പരമ്പരയിലെ അവസാന മത്സരം ജനുവരി 31-ന് തിരുവനന്തപുരത്ത് സഞ്ജുവിന്റെ നാട്ടിലാണ്. ആ മത്സരത്തിലും പരാജയപ്പെട്ടാൽ അത് ലോകകപ്പിലെ പ്ലേയിങ് ഇലവനിലെ സഞ്ജുവിന്റെ അവസരത്തിനും വിലങ്ങുതടിയാകും. ഈ സമ്മർദം സഞ്ജുവിനും ഉണ്ട്. രണ്ടു വർഷത്തോളം ടി20 ടീമിൽ നിന്ന് പുറത്തായ ശേഷമാണ് ഇഷാൻ കിഷൻ ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്. ലഭിച്ച അവസരം താരം നന്നായി ഉപയോഗിക്കുകയും ചെയ്തു.